Sunday, June 19, 2011

ഏകയായി ഗംഗയില്‍

                        ഏകയായി ഗംഗയിൽ
               
               ഗംഗേ ,  ഒഴുകിടുന്ന ജലമിതേതു
               കണ്‍കളിലൂറും ദു:ഖ ബാഷ്പ പ്രവാഹം ?
               ഇന്നു നീയുമനാഥയോ,യേകയാക്കി
               വേർപിരിഞ്ഞുവോ , ഉറ്റവരുടയവർ? ,
               ജീവരക്തമേകി നീയൂട്ടി വളര്‍ത്തി 
               വലുതാക്കിയ മക്കളകന്നു പോയോ ?
               ഖിന്നയായി നീ കേഴുന്ന ശോക ശബ്ദം
               അറിയുന്നു ഞാനിന്നു, നിന്നുടെ നെഞ്ചകം
               നൊമ്പരത്താലെന്നും പിടഞ്ഞിടുന്നതും 
               വിരക്ത ജീവിതമേകുമഴലിലും
               ജനതതിയിതിലെയേകാന്തതയും .

               നനഞ്ഞിടുന്നു പാതിയുമെന്നുടെ ദേഹം
               നിന്നക്ഷികളതിന്റെ ദു:ഖ ധാരയിൽ
               നാളുകള്‍ക്കു മുമ്പിവിടെ വന്നെത്തിയ
               എന്നാഹ്ലാദം പൂത്തിരി കത്തിച്ചതോ
               ഓര്‍മ്മയിലാത്മീയ വെളിച്ചമേകിടൂ
               പേരക്കിടാങ്ങള്‍ , മകന്‍ , മകളുമെല്ലാരു -
               മൊത്തു ചേര്‍ന്നു നിന്‍ പുണ്യ പുളിനത്തില്‍ 
              മോക്ഷ മാര്‍ഗ്ഗം തേടി , പാപ ഭാണ്ഡങ്ങളോ
              ഒഴുക്കിടൂ നിൻ തെളിർ മിഴിനീരതിൽ
              പിന്നെ , വിശുദ്ധ തീര്‍ത്ഥം കോരിക്കുടിച്ചു,
              വണങ്ങിയെന്‍ പാദങ്ങളിലനുക്രമം 
              തലമുറകള്‍ , ജീവിതത്തിനര്‍ത്ഥമാത്മീയ
              നിര്‍വൃതിയാണെന്നറിഞ്ഞന്നു , ഞാൻ
              ആ, ധന്യ നിമേഷത്തിലാനന്ദമെന്നിൽ
              അലയടിച്ചുയംബരമേറിയപ്പോൾ

               ജലമുയര്‍ന്നി‍ടുന്നുയെൻ നെഞ്ചോളം
              നിന്റെ, കുളുര്‍ വെള്ളത്തിലും ചൂടാര്‍ന്നുയെൻ
              ചിന്തകളും ഉള്‍ത്തടവും, ജീവിതവും
              ഉറക്കമുണര്‍ന്നിടുന്നൊരാ പകലില്‍
              അന്നു, ഞാൻ തിരഞ്ഞതാണെന്നുറ്റവരെ
              കണ്ടെത്തിയില്ല,തേടി,തേടി നടന്നു,
              തീവണ്ടികളിലോരോന്നായി തിരഞ്ഞു
              ഒരു പാഴ് ഭാണ്ഡമായി ത്യജിച്ചതാ -
              ണവരീ, വൃദ്ധഭാരത്തെ മോക്ഷദായിനി

              ഉയരുന്ന ഗംഗേ, നീയെൻ വെള്ളി മുടി
              നാരുകളെ തഴുകുന്നതറിയുന്നു
              കര്‍ണ്ണങ്ങളെയും ,നാസാരന്ധ്രങ്ങളെയും
              എവിടെ ദേവിയെന്നുടെ മോക്ഷമാര്‍ഗ്ഗം
              നിലവിളിച്ചോടുന്നൊരു വൃദ്ധ വിഹ്വലം
              കാശി റെയില്‍വേ പ്ലാറ്റ് ഫോമിലന്നും.

                                 
                            മക്കളും ഉറ്റവരും കൗശലപൂര്‍വ്വം ഉപേക്ഷിച്ച
               വൃദ്ധ മാതാപിതാക്കള്‍ കാശി റെയില്‍വേ സ്റ്റേഷനില്‍
              നിലവിളിച്ചോടുന്ന ദൃശ്യത്തെക്കുറിച്ചും ഒടുവിൽ അവർ ഗംഗ
              യിലന്ത്യാഭയം കണ്ടെത്തുന്നതിനെക്കുറിച്ചും ഒരു പ്രമുഖ വൃ
              ത്താന്ത പത്രത്തിൽ വന്ന ലേഖനമാണു ഈ കവിതയ്ക്കാ
              ധാരമായതു്.
                          





എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...