Friday, December 31, 2010

നവ വര്‍ഷം വരുമ്പോള്‍

                                 ഇന്നു പിരിഞ്ഞു പോകുകയാണ്
                                 രണ്ടായിരത്തി പത്ത്
                                 എന്താണു ഞാന്‍ പറയേണ്ടത്
                                 പോയി വരൂ, എന്നു പറയാനാകില്ല
                                 ഒരിക്കലും മടങ്ങി വരില്ലല്ലോ
                                 ഒരുപാടു നന്ദിയുണ്ടെന്നു
                                 പറയാനാകില്ല , ഹൃദയത്തിലേറ്റ
                                 മുറിവതോര്‍ക്കുമ്പോള്‍.
                               
                                 അതു കടന്നു വന്ന ദിനം
                                 പ്രതീക്ഷയുടെ മുനമ്പില്‍
                                 ചെന്നു നിന്നതാണു്
                                 മുളയ്ക്കട്ടെ  വീണ്ടുമിവിടെ
                                 ജീവിത സംസ്ക്കാരങ്ങള്‍
                                 ഇരുട്ടിനെ കീറിമുറിച്ചു വരട്ടെ
                                 വെളിച്ചം , തെളിയട്ടെ
                                 പാന്ഥാവുകളിവിടെ.
                         
                                 പന്ത്രണ്ടു മാസവും കടന്നു
                                 രാണ്ടായിരത്തി പത്തിന്നു
                                 കടന്നു പോകുമ്പോള്‍, ജന്മ -
                                 നിയോഗം പോലൊരു കുടാര
                                 മെന്‍ നെഞ്ചിലതാഴ്ത്തി
                                 യതിന്‍ ചുടു ചോരയിലെന്‍
                                 പ്രതീക്ഷയുടെമുനമ്പോ
                                 മുങ്ങി മരണം പ്രാപിക്കുന്നു
                                
                                 കടന്നു പോകുന്നു മാത്രകള്‍
                                 പിന്നിട്ടു രണ്ടായിരത്തി പത്ത്

                                 നാളെയെത്തും നവവര്‍ഷമാ
                                 രാണ്ടായിരത്തി പതിനൊന്ന്
                                 വരവേല്ക്കുന്നുവെങ്കിലും നിറഞ്ഞ
                                 മനസ്സാലെ സുസ്വാഗതം, സദയം
                                 വായിക്കൂ ; ഭവിതാവേയെന്‍
                                 വികല ചിന്തകളുടെയെഴുത്തിതു .
                                   
                                  
                                 

                                 









                                  

Monday, December 20, 2010

ആലംബഹീന

                                പാതിരാവു പതുങ്ങി  നില്ക്കുന്ന
                                മണ്‍ കുടിലിന്‍ വിജനത,
                                വെണ്മതിയൊരു വിളക്കുമായി
                                കാത്തു നില്പതാമവിടെ
                                ദൂരെയായൊരു പാതിരാകിളി
                                ചിലയ്ക്കുന്നിതായുച്ചത്തില്‍
                                തുല്യരായോ നിങ്ങളും മര്‍ത്ത്യരു -
                                മെന്ന ചോദ്യമെറിഞ്ഞും.

                                നീറിടുന്ന നെരിപ്പോടു പോലാ
                                മാനിനി തന്നുടെ ചിത്തം
                                ചിന്തയില്‍ മൃതമാംസ്മൃതികളോ
                                ദഹിയ്ക്കുന്ന വന്‍ ചിതകള്‍
                                ഭൂതകാലത്തിന്‍ കഴുകനിന്നും
                                കൊത്തി വലിപ്പാ ജീവിതം
                                എങ്കിലുമൊരു സ്മിതമവളാ
                                ചുണ്ടതിലൊരുക്കിടുന്നു.

                                നിദ്രപുല്കുന്ന കുഞ്ഞിനോടേതോ
                                കുനിഞ്ഞാ കാതില്‍ മന്ത്രിച്ചു
                                വ്യഥ നിറഞ്ഞ കണ്ണിലൂറുന്ന
                                നീര്‍ക്കണങ്ങള്‍ തുടച്ചവള്‍
                                ഓലവാതില്‍ തുറന്നു കടന്നു
                                കാത്തു നിന്നു, പാതയില്‍
                                ആയിരം കണ്‍കളാലാകാശവും
                                കണ്ണെറിയുന്നോയിവളെ !!
                                

                            
                    




                               



                                                                                                               
                         

Wednesday, December 15, 2010

അതിക്രമിച്ചു കടന്നവന്‍

                                 അതിക്രമിച്ചു കടന്നതാണ്
                                 തടയുന്നതിനോ
                                 അരുതെന്നു പറയാനോ
                                 ആരുമില്ലായിരുന്നു
                                 ശിക്ഷിക്കപ്പെടുമെന്ന
                                 മുന്നറിയിപ്പു പലകയും കണ്ടില്ല.
                             
                                 ആദ്യമമ്മയുടെയുദരത്തിലും
                                 അച്ഛന്റെ വ്യയങ്ങളിലും
                                 അതിക്രമിച്ചു കടന്നു
                                 പിന്നെയോരോ
                                കാലപരിധിയിലായി
                                കാമുകിയുടെ
                                സ്വാതന്ത്ര്യത്തിലും
                                ഇണയുടെ
                                സ്വകാര്യതകളിലും
                                തലമുറകളുടെ
                                ഇഷ്ടാനിഷ്ടങ്ങളിലേക്കും
                                അതിക്രമിച്ചു കയറി.

                                ഒടുവിലീയതിക്രമിച്ചു കടക്കലിനു
                                പിടികൂടി, മൂന്നാം മുറയും
                                നാലാം മുറയും നടത്തി
                                എന്നന്നേയ്ക്കും നാടുകടത്തും..

                                       


                             
                     
                             





                                 
                                  








                         

Thursday, December 9, 2010

ഓര്‍മ്മകളിലെ മധുരനൊമ്പരം

വാങ്ങാതെപോയ് നീ , അന്നു ഞാനെന്നുടെ
വാക്കുകളാല്‍ ; തീര്‍ത്ത മന്ദാര മാല്യം
കേള്‍ക്കാതെ പോയ് നിന്‍ കാതുകളന്നു
ഞാന്‍ , നിന്നെക്കുറിച്ചു , പാടിയ പാട്ടുകള്‍
നോക്കാതെ പോയ് നിന്‍ , കണ്മുനകളന്നു
ചീന്തിയൊഴുക്കിയെന്‍ ഹൃദയരക്തം .

കാലപ്രവാഹത്തില്‍ മാമക ജീവിതം
മുങ്ങിയുംപൊങ്ങിയും മുന്നോട്ടുപോകവേ
വന്നണഞ്ഞിടൂ , സ്മൃതിതന്‍ തീരത്തിലി -
ന്നുമാ പ്രണയത്തിന്‍ , മുത്തായമുത്തുകള്‍ .

വിസ്മയംകൊണ്ടെന്റെ നേത്രങ്ങള്‍ വിക -
സിച്ചാ , കാല്‍ച്ചിലമ്പിന്‍ മണിനാദങ്ങള്‍
അന്തരാത്മാവിന്റെ മണ്ഡപത്തിലിന്നും
നൂപുരധ്വനികളായ് നിറഞ്ഞിടുന്നു .
നിന്‍ ,  പൊട്ടിച്ചിരികളാം കിലുകിലെ
കുലുങ്ങുമാ , കുപ്പിവളതന്‍ കിലുക്കങ്ങള്‍
എന്നുടെയേകാന്തസായാഹ്നവേളയില്‍
അമ്പലമണികളായ് മുഴങ്ങിടുന്നു .

ഓടിവന്നെത്തുമായോര്‍മ്മപ്പടയുടെ
ശസ്ത്രങ്ങളേറ്റുപിടയുന്നെന്‍ ചേതന
എന്നാലും ചിന്തയിലിന്നുമാ നോവുകള്‍
നിന്നുടെ പുഞ്ചിരി വിടര്‍ത്തിടുന്നു .

             വീണ്ടും പോസ്റ്റു ചെയ്യുന്നു.




Tuesday, November 16, 2010

എഴുതാത്തതെന്തേ

                                              എഴുതാത്തതെന്തേ
                                        

എഴുതാത്തതെന്തേ , നീയെന്നെക്കുറിച്ചു
കവിതയെഴുതാത്താതെന്തേ, വീണ്ടും
അറിയുകയാണിന്നുമെന്നാത്മാവിന്‍
തന്ത്രിയിലന്നു നിന്‍ കാവ്യാംഗുലികള്‍
സാദരം തൊട്ടതും, ഉത്ക്കണ്ഠ നീന്തും
നൊന്തുപ്പിടഞ്ഞാ കണ്ണീര്‍ മിഴികളും

ചെമ്പക നിറമുള്ള ഗോപികമാരുടെ
ചന്ദന വദനവും , യൌവ്വന നിലാവും
അന്തിച്ചുവപ്പുള്ള തളിരെതിര്‍ ചുണ്ടുകള്‍ ;
നക്ഷത്ര മിഴികളാ,  ലാസ്യ നടനങ്ങള്‍
എന്നേ മാഞ്ഞു പോയെന്നുള്ളില്‍ ഭദ്രേ

എന്നാലിന്നുമാ കാഴ്ചയതെന്നന്ത
രംഗത്തെ ഹാ! അണുവിട മഥിക്കുന്നു
തേരതു നിറുത്തി നിന്‍ പുല്ക്കുടിലി -
ലേയ്ക്കെന്നക്ഷികളാക്ഷണം ചാഞ്ഞു
ചെന്നീടവേ , മുകുളിത പാണിയാല്‍
മുഖമൊന്നുയര്‍ത്തി നോക്കി , നീ ,
സുകൃതാമൃതമുണ്ടൊരാ കാഴ്ചയതിന്നും ;
നൊമ്പരം നൊമ്പരമായെന്നുള്ളിലീ -
ശനായാലും തെളിഞ്ഞിടും കല്പാന്തം

 അന്നൊരാ, പാതിരാ വേളയതിങ്കല്‍
നിവര്‍ത്തി വെച്ചൊരാ പുസ്തകത്താളില്‍
സ്വപ്നം കണ്ടിരിപ്പൊരു ചിത്രശലഭം,
പുസ്കക താളു മറിയുമ്പോള്‍, പതംഗത്തിന്‍
ദുരന്തമതോര്‍ത്തു , നീ മാഴ്കകാതിരിപ്പാന്‍ ;
പാതിരാപക്ഷിയായി പാട്ടൊന്നതു പാടി,
ഞാനുണര്‍ത്തിയാ , ശലഭമതിനെ
പറന്നു പോയി പതംഗം ; നിന്നുള്ളിലോ
ഭൂതദയയുടെ പൂക്കള്‍ വിരിഞ്ഞു
എഴുതിയതൊരു , കവിതയായി  , നീ .

എഴുതാത്തതെന്തേയെന്നെക്കുറിച്ചു
കവിതയെഴുതാത്തതെന്തേ വീണ്ടും ?

നറും വെണ്ണ കട്ടു ഭുജിച്ച ബാല്യത്തിന്‍
തിരു മധുരവും ; പൈമ്പാലു കറന്നു ,
കുടിച്ചതും , മണ്ണു വാരിതിന്നതും , വളര്‍ -
ത്തമ്മ തന്മുന്നിലോ വാ തുറന്നു
മൂന്നുലകവുമന്നു കാട്ടികൊടുത്തതും ,
നഞ്ചു നിറച്ച മുലക്കണ്ണുകള്‍ വലിച്ചു
കുടിച്ചതും , പൂതന മരിച്ചു വീണതും ,
കുന്നതു കുടയായി പിടിച്ചൊരാ
പേമാരി തന്‍ പേക്കൂത്തു തടഞ്ഞതും ,
അറിയാതെ, അറിയാതെ വിസ്മൃതി
തന്നന്ധാകാരം മറച്ചെന്നിരിയ്ക്കാം ,
തേര്‍ത്തടത്തിലന്നു നിവര്‍ന്നു നിന്നു ;
ഞാണു വലിച്ചു കുലച്ചൊരാ  വില്ല -
തിലെ ബാണം പോലെന്നുടെ , കണ്മുന
നിന്‍ നേര്‍ക്കു പാഞ്ഞതും ; കത്തിജ്ജ്വലി -
ച്ചു നിന്മുഖ മണ്ഡലത്തില്‍ രത്നപ്രഭ -
യായി ഭക്തി ദിവ്യാനുരാഗമെന്ന -
ന്തരാത്മാവിന്നന്തര്‍ മണ്ഡപത്തില്‍
എരിയൂ ഭദ്രദീപമായിന്നും ഭദ്രേ .

കാളിയവിഷഫണങ്ങള്‍ മര്‍ദ്ദിച്ചു
നൃത്തമാടിയതു കവിതയാക്കി നീ
കാലമേറെ കഴിഞ്ഞു  തെളിനീരുറ -
വയായൊഴുകട്ടെയിന്നും നിന്‍ കവിത,
കുറിഞ്ഞിപ്പൂക്കള്‍ പൂത്ത പോലെയമ്പല
മണികള്‍ മുഴങ്ങുന്നതു പോലെ, രാത്രി
മഴയുടെയാരവം പോലെ, മനസ്സി
ലെങ്ങും മണലെഴുത്താകട്ടെ ആ , കവിത .

വന്നു നിന്നുടെ ചാരെയംബരത്തില്‍
ശ്യാമ മേഘമെന്നതു പോലിന്നു ഞാന്‍
കാടുകള്‍ കാക്കുവാനേറെ നടന്നു തളര്‍ന്ന
കാലുകള്‍ക്കിളവേകാനുറങ്ങുന്നു , നീ
ചന്ദ്രബിംബ , മതിന്‍ ദീര്‍ഘ കലയും ;
നിന്നുടെ മുഖമണ്ഡലത്തിന്‍ ദീപ്തി
കണ്ടു ഞാന്‍ നിന്നന്തരാത്മാവില്‍ കവിത
നീയെഴുതി കൊണ്ടിരിക്കും ദൃശ്യം
എന്നെക്കുറിച്ചുള്ള വരികളടര്‍ -
ന്നടര്‍ന്നു വീഴുന്നു നീയെഴുതുന്നു
സുദമാവിന്നാഗമനത്തിലന്നു
നിറഞ്ഞ കണ്ണുകള്‍ വീണ്ടും നിറയൂ.
എഴുതുന്നുയെന്നെക്കുറിച്ചു കവിത
നിത്യവുമെന്നെക്കുറിച്ചു സൌഗത.














Thursday, November 4, 2010

ശുഭപ്രതീക്ഷ

അന്ധകാരത്തിന്റെ മടിയിലെന്നെ
പ്രസവിച്ച അമ്മേ
ഇത്തിരി വെളിച്ചത്തിനായി ഞാന്‍
കൈകാലിട്ടടിക്കുമ്പോള്‍
മുലപ്പാലു തന്നിട്ടെന്തു കാര്യം ?
വന്നെത്തിടുന്ന പ്രഭാതത്തിന്‍
കിരണങ്ങളതേറ്റു വാങ്ങീടാന്‍
കണ്‍തുറന്നു കാത്തു കിടക്കവേ
താരാട്ടുപാടിയുറക്കുവതെന്തേ ?

പാഴ് വീഥികളോ !കാട്ടിടുന്നു
നീതിശാസ്ത്രത്തിന്‍ ചൂണ്ടുപ്പലകയും
സംഭീതനാകുന്നു ഞാന്‍
എന്തിനു രക്ഷ ബന്ധിച്ചിടുന്നു
കൈത്തണ്ടയിതില്‍ വൃഥാ,
സ്നേഹിച്ചവരോ മുറിവേല്പിക്കും
ആദര്‍ശത്തിനാര്‍ത്തനാദം
കേട്ടെന്‍ ഭൂതദയ പനിച്ചിടുമ്പോള്‍
മരുന്നുമപ്പോത്തിക്കിരിയുമെന്തിനമ്മേ ?

ഛിദ്രമിതിനൊരന്ത്യം ശാശ്വതമമ്മേ
അന്നു ഞങ്ങളഗ്നിപര്‍വ്വതങ്ങളാകും
പിന്നെ , പൊട്ടിത്തെറിച്ചീടും
ഒഴുകുമാ ലാവയിലും തീയിലും
വീണ്ടും ശുദ്ധമാകും ; കാലം
പണ്ടു സംസ്ക്കാരം നട്ടു വിശുദ്ധമാക്കി -
യൊരീ  മണ്‍പാത്രം.


Thursday, October 28, 2010

വലിയ പേരിലെ ചെറിയ മാറ്റം

അദ്ദേഹം വളഞ്ഞ വടിയും കുത്തി
എന്നരികിലെത്തി
ചുറ്റും സ്വാതന്ത്ര്യത്തിന്റെ സുഗന്ധം
എഴുന്നേല്ക്കാനോ ആദരിക്കാനോ
എനിക്കാവില്ലായിരുന്നു
ഞാന്‍ മഹിഷത്തെ പോലെ
ഗാഢ നിദ്രിലായിരുന്നു
എന്നിട്ടും അദ്ദേഹത്തിന്റെ ശബ്ദം
എങ്ങിനെ എന്റെ കാതുകളില്‍
ചേക്കേറിയെന്നതത്ഭുതകരം
"ശ്രദ്ധിക്കുമല്ലോ
നോട്ടീസോ മറ്റോ അടിക്കുമ്പോള്‍,
എന്റെ പേരിലൊരു മാറ്റം
അറിഞ്ഞു കൊണ്ടു ഞാന്‍ വരുത്തി
ആരെയും ചെറുതാക്കാനോ
ഒട്ടും തന്നെ വേദനിപ്പിക്കാനോയല്ല
വെറും മോഹന്‍ ദാസ് കരംചന്ദ് "
അവസാന ഭാഗമൊഴിവാക്കി
കൂട്ടിലടച്ച പക്ഷിയെപ്പോലെ
എന്റെ ചിന്തകള്‍ ചിറകിട്ടടിച്ചു
നാളെ പ്രഭാതത്തില്‍
തീനാളങ്ങളൂതി കെടുത്താന്‍
സൂര്യന്‍ എന്നോടു ആവശ്യപ്പെടുമോ ?
അകന്നകന്നു പോകുന്നു
മുളവടി തറയില്‍ മുട്ടുന്ന ശബ്ദം
രാത്രിയുടെ ചുണ്ടുകള്‍ മന്ത്രിക്കുന്നു
ഈശ്വരയള്ള തോരൊ നാം.............








Sunday, October 24, 2010

എ . അയ്യപ്പനു വേണ്ടി മിഴിനീര്‍

മുതുകില്‍ മുറിവേറ്റ കവി



                 
                  ജനലുകളില്ലാത്ത മോര്‍ച്ചറിയില്‍
                  വെളിച്ചത്തിനു വേണ്ടി
                  മോഹിച്ച് , കവി അയ്യപ്പന്റെ
                  മൃതശരീരം തണുത്തു വിറച്ചും
                  സര്‍വ്വാംഗം മരവിച്ചും
                  ഒരു തടങ്കല്‍പുള്ളിയെ പോലെ
                  അസ്വസ്ഥതയോടെ
                  അഗ്നി നാളങ്ങളുടെ
                  ആശ്ലേഷം തേടി കാത്തു കിടന്നു

                 പ്രാണനും , പ്രഞ്ജയുമുണ്ടായിരുന്ന
                 കാലത്ത് ; എ. അയ്യപ്പനോ ?
                ഏതയ്യപ്പനെന്നഞ്ജത നടിച്ചവര്‍
                കുടു കുടെ , കണ്ണീര്‍ പൊഴിക്കുന്നു
                അതു കണ്ട് മുതലകളോ
                അമര്‍ത്തി ചിരിച്ചു പോയി
                ഒരാളുടെ മരണ സമയത്തില്‍
                ചിരിക്കുന്നതിന്
                മുതലകളെയാരും പഴിച്ചില്ല
                എന്നാല്‍
                ശിലകളും പക്ഷികളും
                രാപ്പകലില്ലാതെ കരഞ്ഞു കൊണ്ടിരിക്കുന്നു

               മേര്‍ച്ചറിക്കു മുമ്പിലോ
               ബാക്ടീരിയകളുടെ വലിയ കൂട്ടം
               മലയാളത്തിലെ
               മികച്ച കവിയുടെ ദേഹം
               ഭുജിച്ചു അമരത്വം തേടാനായി .
       
               ജീവിച്ചിരുന്ന കവിയുടെ
               മഹത്വം ബോധപൂര്‍വ്വം
               വിസ്മരിക്കുകയായിരുന്ന പുംഗവര്‍ക്ക്
               ഈ ബാക്ടീരിയകള്‍ പഠിപ്പി -
               ക്കുന്നത് പുതിയ സാഹിത്യ പാഠങ്ങള്‍

               തമ്പാനൂരിലെ ഒരൂടുവഴിയില്‍
               വെറും നിലത്ത്
               മുതുകിലെ മുറിവിന്റെ
               അന്തസ്സും പേറി
               ശില്പിയുടെ കിടക്കയില്‍
               പൊഴിഞ്ഞ കിളിത്തൂവല്‍ പോലെ
              പാറയില്‍ മാത്രം
              പ്രേമലേഖനം കുറിച്ച
              ആ, കവിതാ ശില്പി
              അമരത്വം വരിച്ചു കിടന്നു

             ആംഗ്ലലേയ കവിതകളെ
             അതിശയിപ്പിക്കുന്ന
             ഊമവംശവും , മുതുകിലാണ്
             മുറിവുമെഴുതിയ
             കവി അയ്യപ്പനെ ഇരുത്താന്‍
             ഒരു പീഠവും
             ഇവിടെ യോഗ്യമല്ലല്ലോ
             അങ്ങനെ
             ജനറലാശുപത്രിയിലെ
             മോര്‍ച്ചറി ധന്യമായി .
             അപ്പോള്‍ , അയ്യപ്പന്‍
             എവിടെയെങ്കിലുമൊരിടത്ത്
             കവിതയെഴുതാതെ
             അലഞ്ഞു തിരിയാതെ
             അടങ്ങി കിടക്കുന്നത്
             ചരിത്രം , തങ്ക ലിപികളില്‍
             സ്വയമെഴുതിച്ചേര്‍ക്കുകയായിരുന്നു.
           
             ശിലകളും പക്ഷികളും
             കണ്ണീര്‍ വാര്‍ത്തു കൊണ്ടേയിരിക്കുന്നു
             എവിടെയെക്കേയോ
             തുളഞ്ഞു കയറാന്‍ ഒരമ്പ് 
             ദൂരെ നിന്നും പാഞ്ഞു വരുന്നു .....








Sunday, October 3, 2010

അമ്മയും കുഞ്ഞും

ഇന്നലെയെന്റെ തോളിലണഞ്ഞാ
പൂമിഴികള്‍ പൂട്ടിയുറങ്ങി നീ
ഇന്നു നീയുറങ്ങൂ ; പൂമെത്തയില്‍
ഏകയാം , ജീവിതയാത്രയ്ക്കായി
എന്നുടെ വക്ഷത്തില്‍ നിന്നെടുത്താ
ശയ്യയിലൊറ്റയ്ക്കുറക്കൂ കാലം
എന്‍ നെഞ്ചിനൂഷ്മാവില്‍ നിന്നകന്നാ
മെത്ത തന്‍ ചൂടേറ്റുറങ്ങുന്നു , നീ

ജീവിത തത്വമെല്ലാമറികിലും
ലോലമാകുന്നോര്‍ക്കവെയെന്മനം
ഒന്നുറക്കട്ടെയീ തോളിലേറ്റിയെന്‍
കണ്മണിതാമരത്താരതിനെ .
കൈവളരുന്നു , കാല്‍വളരുന്നു
ആ,കൊച്ചുപ്പാവാടക്കാരിയവള്‍
ചേതോഹരമൊരു സ്വപ്നത്തിലാണ്ടു
സ്വച്ഛമായി,സ്വസ്ഥമുറങ്ങുന്നു.
അല്ലയ്കിലാ മലര്‍ച്ചുണ്ടുകളില്‍
മന്ദഹാസ പൂക്കള്‍ വിടരുമോ ?

എന്നാലും ചില തപ്തചിന്തകള്‍
എന്നുടെയുള്ളമുഴുതിടുന്നു
എന്നാലും ചില ദഗ്ധസ്വപ്നങ്ങള്‍
ഇവ്വിധമെന്നെയിന്നലട്ടുന്നു
നിന്‍ കൊച്ചുത്തെറ്റുകള്‍ , കുസൃതിത്ത -
രങ്ങളാ , കുറ്റങ്ങള്‍ക്കുറവുകള്‍
കാണ്മവേ , കുട്ടിയല്ലേയെന്നാശ്വ -
സിച്ചു , കണ്ണടയ്ക്കുവാനാകുമോ ?
പുസ്തകച്ചുമടിൻ ഭാരത്താൽ നിൻ
കൊച്ചു ചുമലു കുനിഞ്ഞിടവേ
ആ , ഭാരമേകുന്ന നോവുകളെൻ
നെഞ്ചിന്‍ നെരിപ്പോടുതുകയായി

കണക്കും സയന്‍സും കംപ്യൂട്ടറും
നിന്‍ ചിന്തയിൽ ഘോര വാതമകാം
വളരും  മതിയതിനാകാതെ, 
അറിവധികമമൃതാകാം .
ജീവിതമത്സരം നിഷേധിപ്പൂ
പൈതലേ നിനക്കു ബാല്യകാലം.
വീട്ടിലെത്തും ഗുരുവിന്‍ ശിക്ഷണം
ഗൃഹപാഠം പിന്നാലെയത്താഴം
എത്രയോ ഭാരമീ കൊച്ചുതോളില്‍
നിന്‍ നന്മയതോമലേ മാപ്പേകൂ .


ആഞ്ഞുപ്പായുന്ന സമയരഥമേ
നില്പാമോയല്പ മാത്രയെങ്കിലും
ഇല്ല, ലംഘിക്കാനാവതില്ല , കല്ലു -
പ്പിളര്‍ക്കും നിയതി തന്‍ ,നിശ്ചയം
നില്ക്കാതെപ്പോകുന്നു വത്സരങ്ങളോ
ഓരോരോ ഘട്ടവും നീയുമൊപ്പം .

നിന്നാരോമലിനെത്തോളിലണ
ച്ചൊരു നാളീയുമ്മറത്തിണ്ണയിൽ
ഓമനത്തിങ്കള്‍ , പാടിയന്നു , നീ -
യുലാത്തും ധന്യ മൂഹൂര്‍ത്തത്തില്‍
എന്നകതാരിന്റെ സാനുവേറി
സായൂജ്യം വെന്നിക്കൊടി നാട്ടിടും .















Wednesday, September 15, 2010

മെഴുകുതിരികള്‍

ഉരുകുന്നു ദേഹവും മനസ്സും
തമസ്സിന്റെ നിഴലുമകറ്റി
നനുത്ത വെളിച്ചം പകര്‍ന്നിട്ടു -
മെന്തേയുള്‍ത്തടമിതില്‍ കാളിമ !
ഒന്നല്ലോ ; നമ്മളല്ലായ്കില്‍ , ഇവ്വിധം
ജ്വലിച്ചു തനുവും മനവുമു -
രുകി ത്യാഗദീപ്തിയേകുമോ
ഉരുകുന്നു നിങ്ങള്‍ തന്‍ മേനിയോ
ഉരുകിടൂ ഞങ്ങള്‍ തന്‍മാനസം.

ഫലം തിരികെയെന്ന കാംക്ഷ
വിഫലം കര്‍മ്മസാക്ഷാത്ക്കാരമ -
തനുഷ്ഠിക്കേണ്ട ജന്മനിയോഗം ?
 വിഘ്നമില്ലയതിനശേഷവും
ഒന്നാണു നമ്മളീ വിധം ധര്‍മ്മാ -
നുഷ്ടാനമിതിലു മെന്നാലുണ്ടു
വൈജാത്യം നിന്മേനിയിതെരിഞ്ഞു
തീരിലും ;പുനരുണ്ടാക്കാം ദേഹാ -
വശിഷ്ടമതെടുത്തിട്ടാകിലും ,
എന്നലിവ്വിധമെരിഞ്ഞുതീരും
 ദേഹമിതു,പിന്നെ വെന്തുതീരും
അല്ലെങ്കിലതു മണ്ണിലടിയും .

അണഞ്ഞു പോകിലോ ജ്വാലയേകി
 പുനരുജ്ജീവിപ്പിക്കും നിങ്ങളെ
കെട്ടുപോയെങ്കിലീ ജീവിതം പാ -
തി വഴിയിതിലെറിയേണം , ഹാ!
അഗ്നിയള്‍ത്താര വിശുദ്ധവച -
സാക്ഷിയായി  പേറും മിന്നിന്‍ ബ -
ന്ധുര ബന്ധനമില്ല നിങ്ങള്‍ക്കു
വിത്തംവിത്തരഹിതമാട്ടെരി -
യേണം മെഴുതിരി പോല്‍ ഞങ്ങളോ.

Saturday, September 11, 2010

*അച്ഛന്റെ ദു:ഖം


ഉറങ്ങികിടക്കുകയാണെന്‍ മകന്‍
നാളെപ്പുലര്‍കാലെയുണര്‍ന്നിടുവാന്‍
നിദ്രയില്‍ പോലുമോമല്‍ വദനത്തില്‍
സുസ്മേരസൂനങ്ങള്‍ വിടരുന്നു
എന്നിട്ടുമതു കണ്ടെന്നുടെ ചിത്തം
നൊന്തുനുറുങ്ങിയൊന്നുംപ്പറവാതെ
ആള്‍രൂപങ്ങളാം നിഴലുകളെത്തി
എന്തോച്ചൊല്ലുന്നതും നോക്കി ശിലപോല്‍
ഞാനിരിക്കുന്നുയെന്‍ വീടിനുമ്മറത്തില്‍.

ചുവന്നയൊരു ശീലയാ വാതിലില്‍
ഞാത്തുന്നാരോ,മാകന്ദ ശിഖരങ്ങള്‍
വീഴും ശബ്ദമതുയര്‍ന്നു പറമ്പില്‍
വെല്ലിടുന്നതിനെയത്യുച്ചത്തിലു -
യരും പ്രാണേശ്വരി തന്നാര്‍ത്ത നാദം
വിട്ടുപിരിഞ്ഞുവോ പൊന്‍ മകനെ നീ
ക്ഷണമൊരു വാര്‍മഴവില്ലു പോലെ
കണ്ടു കണ്ടു കൊതി തീര്‍ന്നിടില്ലെന്നും
നീ പഠിച്ചു വളര്‍ന്നുമുയരത്തി -
ലെത്തും കാഴ്ചയെന്‍ ജീവത് സാഫല്യം.

ഹാ! ജലാശയമേയൊരു പലക -
പ്പുറമാവാത്തതെന്തെന്നുണ്ണി, നില -
തെറ്റിയാഴമതില്‍പതിക്കും മുമ്പൊ -
രത്ഭുതമെന്‍ ഭൌതികത കൊതിച്ചു !
താഴ്ന്നു,താഴ്ന്നു പോകവെ മേലോട്ടുയര്‍ -
ന്നീടാനച്ഛന്റെ കൈത്താങ്ങു തേടി
പ്രാണ വായുവതിനു വിഘ്നമായി
നാസികയതിലടിയും വസ്തുക്കള്‍
നീക്കാനമ്മേയമ്മേയെന്നു കേണു നീ......



മൃത്യുവതറിഞ്ഞെത്തിയൊരെന്‍ കരം
ഗ്രഹിച്ചു മിണ്ടാതെ കഴിച്ചൊരെന്‍ത്തോ -
ഴന്‍ തന്‍ ചിത്തത്തിലെഴുത്തതെല്ലാമേ
വായിച്ചു തീര്‍ത്തു ഞാനും മൂകനായി.

വര്‍ഷങ്ങള്‍പിന്നിട്ടു കണ്ടുമുട്ടവേ
അപ്പൊഴുമായാത്മാവില്‍ ; ചിരിതൂകി
ഉറങ്ങുന്ന മകനെ കാണും, ഞാനാ
കണ്‍കളിലൂടെ; തുടരുമാ മൌനം
പണ്ടു ഞാന്‍ വായിച്ചതൊക്കെയാ ,
ഹൃദയ ഭിത്തിയതിലന്നും കാണും. 



          *   എന്റെ ഉറ്റ സുഹൃത്ത് ശശിയുടെ മകന്‍
(കോഴിക്കോട് ആര്‍.ഈ. സി ഒന്നാം സെമസ്റ്റര്‍
വിദ്യാര്‍ത്ഥി) യദുകൃഷ്ണന്റെ അപമൃത്യുവിനെ ആസ്പ
ദമാക്കി എഴുതിയത്.

Wednesday, September 1, 2010

സ്കൂള്‍ യൂണിഫോം

വിലപിടിച്ച ഉടുപ്പുകളവളുടെ
സ്വപ്നങ്ങൾക്കെന്നേയന്യം
സ്കൂൾ യൂണിഫോമിൻ പഴക്കം
അവളുടെ കണ്ണുകളെ
ഈറനണിയിക്കുമ്പോൾ ;
അമ്മയുടെ വിഷാദ മിഴികളിലെ 
നിസ്സംഗത സാന്ത്വനമാകും .

കരിങ്കല്ലു ചുമക്കുന്ന അമ്മയുടെ
ശിരസ്സിൽ നിന്നെത്ര
മുടിയിഴകൾ പിണങ്ങിപ്പോയി
എന്നു കണക്കു കൂട്ടിയവൾ
വിളക്കു വെയ്ക്കും നേരത്തു
 അലക്കുന്നേക യൂണിഫോം

തൊട്ടിയിൽ നിന്നെടുത്ത
യൂണിഫോമിൽ നിന്നുമിറ്റിറ്റു
വീഴുന്നത് ജലബിന്ദുക്കളോ ?
അതോ ചുടു കണ്ണനീരോ ?

കാലപ്പഴക്കത്തിൻ
നീണ്ട കീറലുകൾ യൂണിഫോമിൽ
വാനം കാട്ടുന്ന ഓല മേൽക്കൂര
സമം തെളിഞ്ഞു കാണുന്നു
കീറലുകളിലൂടെയവളുടെ കണ്ണുകൾ
വേദനയോടെ  കടന്നു പോയി
പകരമില്ല മറ്റൊരു യൂണിഫോം

മിന്നും പുത്തൻ യൂണിഫോമണിഞ്ഞു
വെള്ള വിരിപ്പിലുറങ്ങുകയാണവൾ
തിങ്ങി നിറയുന്ന പുരുഷാരം
സഹപാഠികളുടെ തേങ്ങലുകൾ
അമ്മയുടെ ആർത്ത നാദം
ആ , പൂമിഴികൾ  കാണില്ലൊരിക്കലും
പുത്തൻ യൂണിഫോമിൻ പകിട്ടു്

Friday, August 20, 2010

കതകില്‍ മുട്ടുന്ന ഭടന്മാര്‍

 അടഞ്ഞു കിടക്കുന്നാ, വാതിലില്‍
ഭടന്മാര്‍ ശക്തിയായി മുട്ടുകയാണ്
തറയില്‍ അമര്‍ന്നു ഞെരിയുന്ന
കനത്ത ബൂട്ടുകളുടെ അമര്‍ഷം.
ഷിറ്റ് , ഇഡിയറ്റെന്നീയാക്രോശം
ഓപ്പണ്‍ ദി ഡോറെന്ന ഗര്‍ജ്ജനം
ഭടന്മാര്‍ കതകില്‍ മുട്ടുന്നു.
ശയന മുറിയുടെ കോണിലവര്‍
എല്ലാ പേരും ഒത്തു ചേര്‍ന്നു,
ഗതകാല സ്മൃതികളയവിറക്കി,
ഞണ്ടുകളപ്പൊഴും കാലുകളിറുക്കി
അവരോ വ്യര്‍ത്ഥമായി ചിരിച്ചു.
ദൂരെയായി ആണവനിലയത്തിന്‍
മേലാപ്പ് നിലാവത്തു തിളങ്ങുന്നു
മുറിയിലോയരണ്ട വെളിച്ചം
വൈദ്യുതി വിളക്കുകളൊക്കെയവര്‍
തച്ചുതകര്‍ത്തു കഴിഞ്ഞു ;
മെഴുകു തിരി വെട്ടത്തിലും
മണ്ണെണ്ണ വിളക്കിന്‍ വെളിച്ചത്തിലും
സംസ്ക്കാരവും പുരോഗതിയും
ഇവിടെ വളര്‍ന്നതറിഞ്ഞവരവര്‍.

കോശകലകളെ ഞണ്ടുകള്‍
കാര്‍ന്നു തിന്നും പീഢയിലും,
ആണവ നിലയത്തെയവരും
വളഞ്ഞു, കല്‍ചീളുകളെറിഞ്ഞു..
കതകു തകര്‍ക്കും ശബ്ദഘോഷം
കാതു തകര്‍ക്കുന്ന കാലൊച്ചകള്‍
വെളുത്തുച്ചുവന്ന പട്ടാളക്കാര്‍
കടല്‍ത്തിരപോലിരമ്പിയെത്തി
ഭയം വാര്‍ന്നു പോയ കണ്‍കളോടെ
അവര്‍ പട്ടാളക്കാരെ നോക്കി
പിന്നെ വെടിയൊച്ചകള്‍ മുഴങ്ങി
ഒരു ബലിദാനത്തിനാഘോഷം,
ഹേ ! റാം ഹേ ! റാം ഹേ ! റാം
എന്നാരോ വിലപിച്ചിടുന്നുവോ ?

Wednesday, July 28, 2010

ദേവാലയങ്ങള്‍ പറഞ്ഞത്


Click to show "Blue Mosque" result 8





മതങ്ങളിലഭിരമിച്ച മനുഷ്യര്‍
ഭിന്നതയുടെ മതിലുകള്‍ തീര്‍ത്ത്
പരസ്പരം മിണ്ടാതായപ്പോള്‍
ആലയങ്ങള്‍ സംസാരിച്ചുതുടങ്ങി.

ക്ഷേത്രം പള്ളിയോടു ചോദിച്ചു
നിനക്കെന്നെ ഇഷ്ടമാണോയെന്ന്
മോസ്ക്കിനോടുമതു ചോദിച്ചു
എന്നെയിഷ്ടമല്ലേയെന്ന്
പള്ളിയും മോസ്കും പരസ്പരം
ചോദിച്ചു , ഇഷ്ടമല്ലേയെന്ന്
അവരിരുവരം ക്ഷേത്രത്തോടു
ഒരേ സ്വരത്തില്‍ ചോദിച്ചു
ഞങ്ങള്‍ വന്നു കയറിയവരല്ലേ
ഞങ്ങളെ ഇഷ്ടമല്ലേയെന്ന്
അല്പനേരം മാത്രം അവര്‍
മൂവരും ചിന്തയില്‍ മുഴുകി
പിന്നെയവര്‍ ഉറക്കെയിങ്ങനെപ്പറഞ്ഞു :
നമ്മള്‍ നില്ക്കന്നത് ഒരേ ഭൂമിയില്‍
നമ്മുടെ ശിരസ്സിനു മുകളിലൊരേ ആകാശം
നമ്മുടെ അകത്തളത്തില്‍
ഉയരുന്ന പ്രാര്‍ത്ഥനകളില്‍ ഒരേ ചൈതന്യം
പിന്നെന്തിനു പരസ്പരം
നമ്മള്‍ ഇഷ്ടപ്പെടാതിരിക്കണം



എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...