Thursday, April 30, 2015

എന്തിനു്



മുറിച്ചു മാറ്റാനാണെങ്കിൽ
നിന്റെ ഹൃദയമൊരു
ചരടാക്കിയെന്റെ
ചങ്കിൽ ചുറ്റിയതെന്തിനു് ?
കമഴ്ത്തിടാനാണെങ്കിൽ
നിറയെയെന്തിനു
നിറച്ചു വെച്ചു നീ, പ്രണയ
തീർത്ഥമെന്റെ ശംഖിതിൽ ?
കെടുത്തിടുവാനെങ്കിൽ

കൊളുത്തി വെച്ചതെന്തിനു
താരകദീപങ്ങളെ
എന്നേകാന്ത വ്യോമത്തിൽ?
ഉരിയാടാനാകില്ലെങ്കിൽ
ഉത്തരങ്ങൾ തേടി
ചോദ്യങ്ങളുന്നയിക്കാൻ
അക്ഷമയായതെന്തിനു് ?

Sunday, April 12, 2015

ഒരു സുഖസ്മരണ


വാനം മുഖം നോക്കും
നിൻ കവിൾക്കണ്ണാടിയി -
ലെൻ കൗതുകത്തിൻ
പ്രതിച്ഛായ ഞാനന്നു,കണ്ടു

താരം കടമെടുത്തിടും
നിൻ കൺ തിളക്കമെ-
ന്നിലന്നു തെളിച്ചൊരു
സൗഹൃദ കെടാ വിളക്കും
എത്ര കാലമെത്ര
ഋതുക്കൾ കടന്നു പോയി
ഭൂതകാല തമസ്സിലൂടെ
ആ , വിളക്കിൻ പ്രകാശം
കാട്ടിത്തരുന്നുമിന്നും
കൗമര കാല പൂവനങ്ങൾ
ഇന്ദ്രിയങ്ങളിലല്ല
മനസ്സിൽ വരച്ചു വച്ച
കൊച്ചു ജീവിത ചിത്രങ്ങളും .

Monday, April 6, 2015

അമ്പു്


നെഞ്ചിൻകൂടു തുളച്ചു്
ധാർമ്മിക രോഷത്തിന്റെ
ഒരമ്പു് പാഞ്ഞു പോയതു്
ദൈവങ്ങളെ തേടിയായിരുന്നു
കൊടുങ്കാറ്റും പേമാരിയും
അയച്ചു് തീർത്തു കളയാൻ
അതല്ലെങ്കിൽ
മൂർച്ചയേറിയ കൊക്കും
നഖങ്ങളുമുള്ള ഒരു കഴുകനെ
പറത്തി വിട്ടെൻ ചങ്കും
കരളും കൊത്തി തിന്നൊടുക്കാൻ
അത്യുന്നതങ്ങളിൽ
തീരുമാനങ്ങളെടുത്തിരിക്കാം
എന്നാലും ഭയരഹിതമായി
ഒരു അമ്പു കൂടി
എന്റെ നെഞ്ചിൻ കൂടു തുളച്ചു
പാഞ്ഞു പോകാൻ
ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...