Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, March 7, 2022

പൂർണ്ണതയിൽ


നിശക്കും , നിലാവിനുമിടയിൽ
പൂർണ്ണത ഞാനിന്നറിഞ്ഞു
ഞരമ്പുകളിൽ പടർന്നു പടരുന്ന
ചെഞ്ചോരയിരമ്പലിന്നപ്പോൾ
ആയിരം കടലിൻ രുദ്രതാളം.
ശിലയുടെ കാഠിന്യമടർന്നു വീഴും
മെയ്യഴകിനുഷ്ണജലപ്രവാഹം
ഇട കലർന്നിഴുകി, നിറങ്ങളുടെ
ശ്വേത വർണ്ണ പരിണാമം
ഗുപ്ത രാഗങ്ങളീണമിട്ട മർമ്മരം
ഭഞ്ജിക്കുന്ന ലാസ്യ മൌനങ്ങൾ
മുക്ത മോഹം മൊത്തിക്കുടിക്കും
പ്രമഥ സ്വപ്ന ദ്രാക്ഷ രസം
ധന്യതയിൽ വന്യാഭിലാഷം
പടം പൊഴിച്ചിഴയുന്ന തല്പം
അതിലുന്മാദത്തിൻ കനലുകൾ
വിരിച്ചു ,ഞാനൊന്നുറങ്ങീടട്ടെ.

 

Monday, August 3, 2020

നിലവിളി





ഞാൻ കാത്തിരിക്കുന്നു
സൂര്യനും ചന്ദ്രനും എന്നും
എന്റെ ആകാശത്തിനു
മീതെ കൂടെ കടന്നു പോകും
ഋതുക്കളും വർഷങ്ങളും
വന്നു പോകുന്നു
ഞാൻ കാത്തിരിക്കുന്നു

ആഹ്ളാദ സല്ലാപങ്ങളുടെ
ശബ്ദഘോഷങ്ങൾ
എന്റെ അതിരുകളിൽ
നിശബ്ദരായി തളർന്നു വീണു
ഒരു മിന്നായം പോലെ
വന്നു പോയ പ്രണയിനിയുടെ
കുളിപ്പിന്നൽ കെട്ടിലെ
തുളസി ദളം അകലെയായി
അടർന്നു വീണു കിടക്കുന്നു

കൈവെള്ളയിൽ നിന്നും
ഊർന്നു വീണു മറഞ്ഞ
സാധിതപ്രായമാകേണ്ട
പ്രതീക്ഷകളുടെ ചാരത്തിലൂടെ
ഒരു നിലവിളി
എന്നെ തേടി വരുന്നു
ഞാൻ കൈകൾ നീട്ടി
നിലവിളിയെ സ്വീകരിച്ചു

Saturday, July 11, 2020

നീലക്കടമ്പ്


നീലക്കടമ്പിൻ കൊമ്പിൽ
പുല്ലാങ്കുഴൽ വിളി
നീരാടിത്തീരവേ നീ
കേൾക്കുമൊരു നാൾ
നീന്തി നീ നിവർന്നു,
ശിരസ്സു പൊന്തിച്ചു മെല്ലെ
കാറണിവേണി കാടതു
പിന്നോട്ടുലച്ചിടവേ,
കൌസ്തുഭച്ചാരുത
ഒളി വീശിടുന്നൊരു
പരിപൂർണ്ണ ചന്ദ്രന്മാർ
നിറഞ്ഞു നില്പതാം,
പരിത്യാഗി തന്നുടെ
ഇംഗിതം മാറ്റി മറിച്ചിടും
കുംഭയിണകൾ ; ക്ഷണം
ഇളകി വീണിടുമോ?

നറും നിലാവിൽ തിളങ്ങി
പുതു മഞ്ഞിൽ മൂടി
വർണ്ണവസനങ്ങൾ
ശാഖികളിൽ, മൃദു ശയന
വി്ശ്രമ സുഖമറിഞ്ഞും
ഞാന്നു കിടക്കുന്നവിടെ


ശാരിക വളയത്തിൻ
ചെന്നിണച്ചാരുത 
താമര
ചേവടി , താളത്തിൽ
ആട്ടിയും, 
കോടക്കുഴലതു
 യിണത്തിൽ മീട്ടിയുമവി -
ടൊരു മയിൽപ്പീലിക്കാരൻ
ഇരിക്കയണിപ്പോഴും.
Top of Form

Tuesday, July 7, 2020

കൊടുങ്കാറ്റിനെ കൊതിച്ചു്










നിന്റെ ചുണ്ടുകളിൽ കൂടു കൂട്ടിയ
കൊടുങ്കാറ്റിനെയിന്നു ഞാൻ
കൊതിച്ചു പോകുന്നു
കടപുഴകി വീഴണമെനിക്ക്

അപ്പോൾ നിലാവെട്ടം
ജാലകവിരികളിൽ
നിഴൽ നൃത്തത്തിന്റെ
അപൂർണ്ണ ചിത്രം വരയ്ക്കും
നാഴിക മണിയുടെ
സൂചി പിന്നോട്ടു
നടന്നു തുടങ്ങുകയാകും
കണ്ണുകൾ പതിയെ
പാതിയടയുമ്പോൾ
ഉതിരുന്ന നെടുവീർപ്പിൽ
പാറിയകലുന്നതു വിളിപ്പേര്
ജാലക വിരികളിൽ
നിന്നും ചിതറി വീണ
നിഴലുകളിൽ
ഉറുമ്പുകളുടെ പടയോട്ടം
ഇണക്കം മധുരിക്കുന്നതു
നിഴലുകളിലായിരിക്കും .

Wednesday, June 17, 2020

ശോണ പുഷ്പം






ഓരോരോ രാഗസ്പന്ദനങ്ങൾക്കൊപ്പം  
 സ്വന്തമെന്നു കരുതിയെൻ, നെഞ്ചോടു
ചേർത്തെത്ര നിറുത്തിയന്നു നിന്നെ
ഏതേതാ കാര്യകാരണങ്ങളാൽ
നഷ്ടപ്പെടുന്നതിന്നാത്മ നൊമ്പരം,
തീക്കാറ്റിനേക്കാളെത്രയോ തീക്ഷ്ണം.

ആയിരാമായിരമാളുകൾക്കിടയിലും
ഏകാന്തത വന്നു പൊതിയുമ്പോൾ
ആമഗ്നനായിയൊരു ഗാനധാരയിൽ
സർവ്വം മറന്നു ലയിച്ചിടുമ്പോൾ
സ്വകാര്യമായെരു പകൽകിനാവിന്റെ
അവാച്യ മേഖലകൾ താണ്ടുമ്പോൾ
ദിനാന്തം സുക്ഷുപ്തിയിലാണ്ടെല്ലാം
മറന്നു പിന്നെ ഞാൻ, ശയിച്ചിടുമ്പോൾ
ഓടി വന്നെത്തുന്ന സ്മരണകളോ
വല്ലാതെയമർത്തൂ , ജീവിതകണ്ഠനാളം

നശ്വരമാമീ യാത്ര തീരും മാത്രയിലന്നേ-
രമെന്നുടെ നിശ്ചേതനയിൽ , തരിവള
യിട്ട കൈകളോയിമ്പത്തിൽ, പ്രാണ
നാദമുതിർക്കവേ, ഒരു പനിനീർ പൂവു്
  വീണിടാമൊരുത്തുള്ളി കണ്ണീരിൽ മുങ്ങി   
  
അന്നേരമെൻ ഹൃത്തിൽ നിന്നുമുയരും
സുഖമല്ലേ ! സഖിയെന്ന , നിനാദം.
അന്നേരമെൻ ചിന്തയിൽ മുളച്ചീടും
ആത്മനിർവൃതി തൻ ശോണ പുഷ്പം .


Thursday, May 21, 2020

ലാസ്യവിരുന്നു്








തെളിഞ്ഞുവല്ലോ, നിന്നിൽ
ഭാവലാസ്യ ദീപങ്ങൾ
ഏതന്തർദ്ദാഹമാണാ
മിഴികളിലുതിരൂ !


അഞ്ചു പുഷ്പ ശരങ്ങൾ
വീണൂ, മതിമോഹിനി
നിൻ ലാസ്യപുഷ്പശരം
രണമിതു ജയിച്ചു

നിൻ ദേഹഭാഷയിലെ
രൂപകമായിന്നുമാ
ലാസ്യഭാവം നിറഞ്ഞു,
നിന്നെയലങ്കരിപ്പൂ

നെഞ്ചിലെ കരിങ്കല്ലുമിതു
പൂവാക്കി മാറ്റിയമലെ
നിൻ ലാസ്യഭാവത്തിൻ
ഇന്ദ്രജാലമിന്നെന്നെ

ലലാടം കപോലത്തിൽ
കുങ്കുമം പൂശിടുന്നു
നിൻ ലാസ്യ വിരുന്നിലെ
ഒരു അമൃതവിഭവം.

Wednesday, October 24, 2018

മിന്നലൊളി





 ശലഭങ്ങൾ പറക്കുന്ന നഗരത്തിൽ
പോക്കുവെയിലൊഴിയുന്ന മാളികയിൽ
പ്രണയത്തിന്നഗ്നിജ്വാല പകുത്തു
തന്നുയിന്നാ, കുളിരിന്റെ പ്രാണനെടുക്കാം
മിഴികളിൽ പൂത്ത പൂവിറുത്തു കോർത്തു
ഹൃദയത്തിന്നൊരു മലർമാല ചാർത്താം
കവിളിലെ ചെഞ്ചായം ചോർത്തി ,
കവിതയിലൊരു ശോണ വർണ്ണമേകാം
ഒരു പൂവള്ളിയായി പടർന്നു , പടർന്നു
ഒരു മാമരമാക്കീയെന്നെ നീയമലേ !

പതുങ്ങി പതുങ്ങി പൌർണ്ണമി വന്നു
ജാലകച്ചില്ലിലൂടെത്തി നോക്കുന്നു
വിരിപ്പിനുള്ളിലൊളിച്ചെന്നു കരുതി ,
നമ്മളെ കണ്ടു പിടിക്കാൻ കാറ്റു വന്നു
ഉറങ്ങാതെ കണ്ണുനട്ടു കിടക്കും നിന്നെ-
യെൻ , പ്രാണനിൽ കിടത്തിയുറക്കാം
ചിറകു കുടഞ്ഞുയർന്നല്ലോ മോഹഭംഗം
സ്വപ്നപേടകമോ വീണു താഴെ,താഴെ
ഒരു നെടുവീർപ്പിട്ടു പോയ് മറഞ്ഞുടൻ
ഒരു ജീവിത സ്വപ്നത്തിൻ മിന്നലൊളി .

Thursday, July 26, 2018

സുന്ദരി



അലസഗമനം വിലോലം
അർദ്ധനിമീലമാം നേത്രങ്ങൾ
സംപുഷ്ടം,ആസക്തികളാൽ
ചിന്താ ധാരയോയുഷ്ണ സമേതം
രതികാമനകൾ സമ്മേളിതം
കുടമണി പോൽ കിലുങ്ങും
കങ്കണങ്ങളുമായരികിലേക്കു
കപോലത്തിനു മുറിവേകാൻ
കല്ലു പതിച്ച മൂക്കുത്തിയുമായി
ഉതിരും നിശ്വാസധാരയിൽ
എന്തോ പറഞ്ഞു ചായും
നിശാ വസ്ത്രത്തിലുണ്ടെൻ
അതിസുന്ദരി , പൂനിലാവേ
.

Thursday, December 21, 2017

പേടിച്ചുത്തൂറി




തൂറാൻ കുത്തിയിരിക്കുന്നതു്
ആരേയും പേടിച്ചിട്ടല്ല
ജീവശാസ്ത്രപരമായൊരു
ശരീരധർമ്മാനുഷ്ഠാനമതു്
എന്നാലെഴുതി തീർന്ന
കവിതയുമായിയൊരു
കവി കുത്തിയിരിക്കുന്നതു്
നല്ലതു പോലെ പേടിച്ചു്

പവിത്രാ ! നീ പേടിച്ചുത്തൂറി
നിന്റെ പേരിന്നൊപ്പമുള്ള
തീയിന്നു , വെറും മഞ്ഞുക്കട്ട
അണഞ്ഞു പോയ നിന്റെ
കനലുകളിൽ ചവിട്ടി നിന്നു്
മതങ്ങൾ തന്തൂരി ചുട്ടെടുക്കുന്നു.

Sunday, January 29, 2017

ഗാന്ധിജി മടങ്ങി പോകുന്നു


മുളവടി ആവർത്തിച്ചു
തറയിൽ മുട്ടുന്ന ശബ്ദം
കാതുകളിൽ ചേക്കേറി
രാജ്യം പതിവു പോലെ
പാതിരാ സുക്ഷുപ്തിയിൽ

ആരേയും ഒട്ടും തന്നെ
അലോസരപ്പെടുത്താതെ
അഞ്ഞൂറു രൂപ നോട്ടിൽ
നിന്നും മഹാത്മാ ഗാന്ധി
ഇറങ്ങി, നടന്നു പോകുന്നു
പ്രധാന മന്ത്രിയുടെയും
രാഷ്ട്ര പതിയുടെയും
വസതികൾക്കു മുന്നിലൂടെ
സാമാജികർക്കെല്ലാം
സൗകര്യ പൂർവ്വം
വഴക്കടിയ്ക്കാനായി
കെട്ടിയുയർത്തിയ
മന്ദിരത്തിനു മുന്നിലൂടെ
മുളവടി തറയിൽ മുട്ടിച്ച്
അദ്ദേഹം നടന്നു പോകുന്നു .

Sunday, January 1, 2017

പിറന്നാൾ


കൂട്ടുകാരികളുടെ
ജന്മദിന വിശേഷങ്ങളാണ്
അവളുടെ പിറന്നാൾ മോഹങ്ങൾക്ക്
ചിറകു വെച്ചു കൊടുത്തതും
ആകാശം മുട്ടെ പറന്നു
ചെല്ലാൻ കുതിപ്പു പകർന്നതും
പ്രാരബ്ധങ്ങളുടെ
തടസ്സങ്ങളിലൂടെയങ്ങിനെ
അവളുടെ പിറന്നാൾ മോഹങ്ങൾ
ആ,ദിനത്തിൽ ചിറകു വിരിക്കും

പിറന്നാൾ വെറും
സങ്കല്പ സുഷമകൾ മാത്രമെന്നു്
അറിഞ്ഞു കൊണ്ടു് തന്നെയാണവൾ
വീട്ടിൽ ഹാപ്പി ബെർത്തു് ഡേ പാടി
പിറന്നാൾ കേക്കു മുറിച്ചെന്നും
കെഎഫ്സി വാങ്ങി
പിറന്നാൾ പാർട്ടി കൊഴുപ്പിച്ചെന്നും
സഖികളോടു സവിസ്താരം പറഞ്ഞതു് .
ദൈവകുമാരന്റെ പിറന്നാൾ മാത്രം
അവളുടെ വീട്ടിൽ ആഘോഷിക്കും
അതു് ഒരു വർഷമായി നടത്തുന്ന
സന്നാഹത്തിലൂടെയാണു്
സ്വന്തം പിറന്നാൾ കള്ളങ്ങൾക്ക്
തിരുകുമാരന്റെ പിറന്നാളിലൂടെയുള്ള
ഒരു ശുദ്ധീകരണം കൂടിയുമാണു്
എല്ലാമറിയാം അവളുടെയമ്മക്ക്
പിറന്നാളിനു നല്കാനാകാത്ത
പുത്തനുടുപ്പു് ദൈവകുമാരന്റെ പിറന്നാൾ
സമുജ്ജ്വലമാഘോഷിക്കാൻ
അമ്മയവൾക്കു സമ്മാനിക്കും
ദൈവത്തിന്റെ പിറന്നാൾ
അവൾ സമൃദ്ധമായി ആഘോഷിക്കട്ടെ .

Monday, October 24, 2016

അശ്വമേധം




നോട്ടത്തെ വലിച്ചടുപ്പിക്കും
കാന്തിക പ്രഭവങ്ങൾ
ഇന്ദ്രിയങ്ങളുടെ ബന്ധനമഴിക്കും
നിൻ ദേഹ ഭാഷയുടെ
അലങ്കാര വ്യാകരണങ്ങൾ


സാത്വികതയപ്പോൾ
വെയിലേറ്റുരുകിടും മഞ്ഞുക്കട്ട
അടങ്ങക്ഷികളെയെന്നു
വിലക്കിയിട്ടും വാജി പോൽ
പായുന്നിതു , മിഴികളുടെ
അശ്വമേധത്തിന്നാരംഭം

എന്തിനു പരാതികൾ
പിന്നെന്തിനു പഴിചാരൽ
തനുഭാഷയുടെ മാസ്മര
അലങ്കാര വ്യാകരണങ്ങളെ.

Tuesday, September 27, 2016

പരാതി


കാലച്ചക്രം തിരിയുന്ന വേഗം
പകർന്നെടുത്തു പിന്നിടുന്ന
ദിനങ്ങളിൽ , യാത്ര തീർത്തു
പകൽപ്പക്ഷി വെയിൽച്ചിറക്
കുടഞ്ഞൊതുക്കിയൊതുക്കി
ചക്രവാളകൂട്ടിൽ ചേക്കേറുന്ന
സന്ധ്യയിൽ വിലോലയായി
വന്നെത്തിടും രാത്രി,എന്തേ
പോയ് മറയൂ നീ വേഗം!


പ്രിയേ!അക്ഷാംശങ്ങളും
രേഖാംശങ്ങളും കടന്നു് ഞാൻ
അഗ്നികാവടി ഭൂഗർത്തത്തിലാടും
തീച്ചാമുണ്ഡികൾക്കിടയിലൂടെ
അച്ചുതണ്ടിലൊരട വെയ്ക്കാം
നേരം പെടുന്നനെ പുലരുന്നു-
യെന്നതല്ലോ നിന്റെ പരാതി .

Friday, September 23, 2016

സ്നേഹമാപിനി


സ്നേഹം അളക്കുവാൻ
നിനക്കു കിട്ടിയ
മാപിനി ഉപയോഗിച്ചു്
പല സൗഹൃദങ്ങളും
സുക്ഷ്മമായി പരിശേധിച്ചു്
നീ , ഇല്ലാതാക്കിയപ്പോൾ
അടുത്തതു് , എന്റെ ഊഴമെന്നു്
ഞാൻ കരുതുകയും
ആ, തോതു നോക്കലിന്റെ
പരിണിത ഫലത്തിനായി
ആകാംക്ഷയോടെ
കാത്തിരിക്കുകയും ചെയ്താണു് .
എന്നാൽ,
മാപിനി , നീ തകർത്ത്
വലിച്ചെറിഞ്ഞതാണു്
ഇന്നെന്റെ ആകാംക്ഷയെ
വളരെയധികം സംഭ്രമിപ്പിക്കുന്നതു് .

Sunday, September 4, 2016

മുഖംമൂടി


വീണു കിടക്കുന്നതു്
മുഖം മൂടിയാണു്
അഴിഞ്ഞു വീണതോ,
അഴിച്ചിട്ടതോയല്ല
എത്ര നാളായി
ഈ മുഖം മൂടി വെച്ചു്
അയൽ രാജ്യങ്ങളെയും
ആഫ്രിക്കകാരെയും
സാഭിമാനം ഞാൻ
നോക്കുകയും
നെഗളിക്കുകയും
ചെയ്തതായിരുന്നു


തന്റെ പ്രിയതമയുടെ
ജഢം ചുമലിലേറ്റി
ഒരു ഒഢീഷക്കാരൻ
നടന്നു പോയതു്
എന്റെ നാടിന്റെ
യശസ്സിൻ മുഖം മൂടി
തകർത്തെറിഞ്ഞാണു്
അതാണു് വീണു
ചിതറി കിടക്കുന്നതു്

പ്രാണേശ്വരിയുടെ
ഭൗതിക ദേഹം
ചിതയിലെരിക്കുവാൻ
മറ്റു മാർഗ്ഗങ്ങൾ
അവന്റെ മുന്നിൽ
നമ്മൾ അടച്ചു കളഞ്ഞു.

Wednesday, August 24, 2016

കുരുടൻ


കാഴ്ച മങ്ങുകയാണോ?
മുന്നിൽ പടരുന്ന മൂടൽ മഞ്ഞ്
രൂപങ്ങൾ വ്യക്തമാകുന്നതു്
നോട്ടത്തിന്റെ സാന്ദ്രത കൂട്ടുമ്പോൾ
കുറഞ്ഞു പോയതാകാം
കണ്ണാടിയുടെ ലെൻസു് പവ്വർ
കണ്ണാശുപത്രിലേക്കുള്ള
ബസ്സിന്റെ ബോർഡ് വായിയ്ക്കാൻ
കണ്ണുകളെ സജ്ജമാക്കി, ഞാൻ .
നേരെ എതിരെ
ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ
കാത്തു നില്ക്കുന്ന പെണ്ണു്
പരിചിതയാണോയെന്ന സന്ദേഹം
കാഴ്ചയുടെ പരിമിതിയിൽ
ഓർത്തെടുത്തതു് കാമുകിയുടെ
ശാലീന രൂപ ഭാവത്തെ
നോട്ടം ഗൗവതരമായതു്
ആളെ മനസ്സിലാക്കാനായിരുന്നു
"പതിന്നാലു മിനിട്ടു കഴിഞ്ഞു "
കയ്യാമവുമായി പോലീസുകാരൻ
പറഞ്ഞതു് ജനമൈത്രിയായി തന്നെ
പോലീസു ജീപ്പിലിരിക്കുമ്പോൾ
ദൃശ്യങ്ങൾ അവ്യക്തമാകുകയാണു്
കാഴ്ച നഷ്ടപ്പെട്ടു് ,ഞാൻ
കുരുടനായി തീരുകയായിരുന്നു .

Tuesday, August 2, 2016

രാത്രി


കൈവളകൾ പരസ്പരം
അടക്കം പറയുന്നതു് കേട്ടാണു്
ഉറക്കം തിരികെ പോയതെന്നു്
ചെടികളുടെ കാതിൽ
പറഞ്ഞു കൊടുത്തതു് കാറ്റാണു്


ഇമയനങ്ങാതെ നോക്കിയ നിലാവു്
ചുണ്ടുകളിൽ പതിയിരുന്ന
കൊടുങ്കാറ്റു് വീശുന്നതും
ആസക്തികളിഷ്ടത്തോടെ
കടപുഴകി വീഴുന്നതും
വളപ്പൊട്ടുകൾ പൊഴിയുന്നതും
കണ്ടു മടങ്ങി പോയി

രാത്രിയുടെ സൗന്ദര്യം അഭൗമമായ
രൂപാന്തരത്തിലെത്തുന്നതു്
കാറ്റിനും നിലാവിനും മാത്രം
അറിയാവുന്ന നിഗൂഢതയാണു് .

Friday, June 10, 2016

പകലിൽ അടഞ്ഞ കണ്ണുകൾ


ചുറ്റുപാടുകളെ അവിശ്വസിച്ചു്
അവളുറങ്ങാൻ കിടന്നത്
തലയണക്കീഴിലെ
കൊടുവാളിന്റെ മൂർച്ചയുമായി
ഉറക്കം അവൾക്കരികിൽ
ജാഗ്രതാപൂർവ്വം കൂട്ടിരുന്നു
ബലമഴിച്ചു പ്രവേശിച്ചാലും
തകരുന്ന വാതിലിനു്
അരികിൽ , കാറ്റു്
അവൾക്കു കാവലാളായി
അങ്ങിനെ ഒരു രാത്രി കൂടി
അവൾ കഴിച്ചു കൂട്ടിയതു് ,
കൺമിഴിച്ചായിരുന്നു
ഒരു പകലിലാണു്
അവളുടെ കണ്ണുകൾ
എന്നന്നേയ്ക്കുമായി അടഞ്ഞതു് .

Thursday, April 28, 2016

കറിവേപ്പില






രസനകളെ കൊതി
പ്രകോപിപ്പിച്ചു കൊണ്ടിരിക്കുന്ന
വിശിഷ്ടഭോജ്യത്തിലെ
രുചി ഘടകമായിരുന്നു , ഇതുവരെ
സവിശേഷമായ ഗന്ധവും
സ്വാദും കഴിവോളം നല്കുകയായി
എന്നിട്ടും തളികയിൽ നിന്നും
ദയരഹിതമായി പുറത്തേയ്ക്ക്
ചരിത്രം ആവർത്തിക്കപ്പെടുന്നു
അടുത്തൂണടുത്തെത്തുമ്പോൾ
എടുത്തു മാറ്റുന്ന കറിവേപ്പിലയെ
ഓർമ്മിപ്പിച്ചു കൊണ്ടു് ചരിത്രം
സ്വയം വിമർശനപരമായ
ആവർത്തനത്തിനായി ഒരുങ്ങി .

Friday, April 15, 2016

കൊഴിഞ്ഞു വീഴുമ്പോൾ


നാരായം മുനയൊടിയുന്നതിനു മുമ്പായി
എഴുതട്ടെ ഞാനിനി ജീവിതം ,
കനിവോടെ തന്ന താളിയോലയിൽ
നിന്നെക്കുറിച്ചൊരു കവിത
അക്ഷര തമ്പുരാക്കന്മാരുടെ
ഭാവവും നോട്ടവും പേടിപ്പെടുത്തുന്നു
മുനയൊടിഞ്ഞു പോയ് നാരായം
ഒന്നും കുറിക്കാതെ താളിയോലയും

ശിരസ്സിൽ തിളയ്ക്കുന്നു ചിന്തകൾ
ബോധ വല്ലിയിൽ വിടരുന്നു കറുത്ത പൂക്കൾ
ഇഴഞ്ഞെത്തുന്ന സർപ്പം
വിഷപ്പല്ലു കൊഴിച്ചു തല തല്ലി ചത്തു .
ആരോ ജയിച്ച ആരവത്തിൽ
പുനർജ്ജനിച്ച യൗവ്വനം
ചവിട്ടി കടന്നു പോയ വഴികളിലെ
ചുവന്ന രക്തത്തെ തേടുന്നു വീണ്ടും .

പച്ചിലകളുടെ മർമ്മരങ്ങൾക്കിടയിലൂടെ
ഞെട്ടറ്റു വീണു പോകുന്നതറിഞ്ഞു
വെളിച്ചം അസ്തമിച്ച ദ്വീപിൽ
ഇനി , നിന്നെ ഞാൻ കാത്തിരിക്കാം.

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...