Tuesday, November 16, 2010

എഴുതാത്തതെന്തേ

                                              എഴുതാത്തതെന്തേ
                                        

എഴുതാത്തതെന്തേ , നീയെന്നെക്കുറിച്ചു
കവിതയെഴുതാത്താതെന്തേ, വീണ്ടും
അറിയുകയാണിന്നുമെന്നാത്മാവിന്‍
തന്ത്രിയിലന്നു നിന്‍ കാവ്യാംഗുലികള്‍
സാദരം തൊട്ടതും, ഉത്ക്കണ്ഠ നീന്തും
നൊന്തുപ്പിടഞ്ഞാ കണ്ണീര്‍ മിഴികളും

ചെമ്പക നിറമുള്ള ഗോപികമാരുടെ
ചന്ദന വദനവും , യൌവ്വന നിലാവും
അന്തിച്ചുവപ്പുള്ള തളിരെതിര്‍ ചുണ്ടുകള്‍ ;
നക്ഷത്ര മിഴികളാ,  ലാസ്യ നടനങ്ങള്‍
എന്നേ മാഞ്ഞു പോയെന്നുള്ളില്‍ ഭദ്രേ

എന്നാലിന്നുമാ കാഴ്ചയതെന്നന്ത
രംഗത്തെ ഹാ! അണുവിട മഥിക്കുന്നു
തേരതു നിറുത്തി നിന്‍ പുല്ക്കുടിലി -
ലേയ്ക്കെന്നക്ഷികളാക്ഷണം ചാഞ്ഞു
ചെന്നീടവേ , മുകുളിത പാണിയാല്‍
മുഖമൊന്നുയര്‍ത്തി നോക്കി , നീ ,
സുകൃതാമൃതമുണ്ടൊരാ കാഴ്ചയതിന്നും ;
നൊമ്പരം നൊമ്പരമായെന്നുള്ളിലീ -
ശനായാലും തെളിഞ്ഞിടും കല്പാന്തം

 അന്നൊരാ, പാതിരാ വേളയതിങ്കല്‍
നിവര്‍ത്തി വെച്ചൊരാ പുസ്തകത്താളില്‍
സ്വപ്നം കണ്ടിരിപ്പൊരു ചിത്രശലഭം,
പുസ്കക താളു മറിയുമ്പോള്‍, പതംഗത്തിന്‍
ദുരന്തമതോര്‍ത്തു , നീ മാഴ്കകാതിരിപ്പാന്‍ ;
പാതിരാപക്ഷിയായി പാട്ടൊന്നതു പാടി,
ഞാനുണര്‍ത്തിയാ , ശലഭമതിനെ
പറന്നു പോയി പതംഗം ; നിന്നുള്ളിലോ
ഭൂതദയയുടെ പൂക്കള്‍ വിരിഞ്ഞു
എഴുതിയതൊരു , കവിതയായി  , നീ .

എഴുതാത്തതെന്തേയെന്നെക്കുറിച്ചു
കവിതയെഴുതാത്തതെന്തേ വീണ്ടും ?

നറും വെണ്ണ കട്ടു ഭുജിച്ച ബാല്യത്തിന്‍
തിരു മധുരവും ; പൈമ്പാലു കറന്നു ,
കുടിച്ചതും , മണ്ണു വാരിതിന്നതും , വളര്‍ -
ത്തമ്മ തന്മുന്നിലോ വാ തുറന്നു
മൂന്നുലകവുമന്നു കാട്ടികൊടുത്തതും ,
നഞ്ചു നിറച്ച മുലക്കണ്ണുകള്‍ വലിച്ചു
കുടിച്ചതും , പൂതന മരിച്ചു വീണതും ,
കുന്നതു കുടയായി പിടിച്ചൊരാ
പേമാരി തന്‍ പേക്കൂത്തു തടഞ്ഞതും ,
അറിയാതെ, അറിയാതെ വിസ്മൃതി
തന്നന്ധാകാരം മറച്ചെന്നിരിയ്ക്കാം ,
തേര്‍ത്തടത്തിലന്നു നിവര്‍ന്നു നിന്നു ;
ഞാണു വലിച്ചു കുലച്ചൊരാ  വില്ല -
തിലെ ബാണം പോലെന്നുടെ , കണ്മുന
നിന്‍ നേര്‍ക്കു പാഞ്ഞതും ; കത്തിജ്ജ്വലി -
ച്ചു നിന്മുഖ മണ്ഡലത്തില്‍ രത്നപ്രഭ -
യായി ഭക്തി ദിവ്യാനുരാഗമെന്ന -
ന്തരാത്മാവിന്നന്തര്‍ മണ്ഡപത്തില്‍
എരിയൂ ഭദ്രദീപമായിന്നും ഭദ്രേ .

കാളിയവിഷഫണങ്ങള്‍ മര്‍ദ്ദിച്ചു
നൃത്തമാടിയതു കവിതയാക്കി നീ
കാലമേറെ കഴിഞ്ഞു  തെളിനീരുറ -
വയായൊഴുകട്ടെയിന്നും നിന്‍ കവിത,
കുറിഞ്ഞിപ്പൂക്കള്‍ പൂത്ത പോലെയമ്പല
മണികള്‍ മുഴങ്ങുന്നതു പോലെ, രാത്രി
മഴയുടെയാരവം പോലെ, മനസ്സി
ലെങ്ങും മണലെഴുത്താകട്ടെ ആ , കവിത .

വന്നു നിന്നുടെ ചാരെയംബരത്തില്‍
ശ്യാമ മേഘമെന്നതു പോലിന്നു ഞാന്‍
കാടുകള്‍ കാക്കുവാനേറെ നടന്നു തളര്‍ന്ന
കാലുകള്‍ക്കിളവേകാനുറങ്ങുന്നു , നീ
ചന്ദ്രബിംബ , മതിന്‍ ദീര്‍ഘ കലയും ;
നിന്നുടെ മുഖമണ്ഡലത്തിന്‍ ദീപ്തി
കണ്ടു ഞാന്‍ നിന്നന്തരാത്മാവില്‍ കവിത
നീയെഴുതി കൊണ്ടിരിക്കും ദൃശ്യം
എന്നെക്കുറിച്ചുള്ള വരികളടര്‍ -
ന്നടര്‍ന്നു വീഴുന്നു നീയെഴുതുന്നു
സുദമാവിന്നാഗമനത്തിലന്നു
നിറഞ്ഞ കണ്ണുകള്‍ വീണ്ടും നിറയൂ.
എഴുതുന്നുയെന്നെക്കുറിച്ചു കവിത
നിത്യവുമെന്നെക്കുറിച്ചു സൌഗത.














25 comments:

  1. നന്നായിരിയ്ക്കുന്നു മാഷേ

    ReplyDelete
  2. ഒരു നല്ല ഗാനത്തിന്റെ രുചിയും നല്ല ഒരു കവിതയും ഇതില്‍ ഉണ്ട്....

    ആശംസകള്‍ ...

    ReplyDelete
  3. ഈ കവിത സണ്ണി ജെയിംസ് പാറ്റൂര്‍ എന്ന വ്യക്തിയുടെതല്ല. അദ്ദേഹത്തിന്റെ ഉള്ളില്‍ അനര്‍ഗ്ഗളം പ്രവഹിക്കുന്ന സര്‍ഗ്ഗ സൌരഭ്യത്തില്‍ നിന്നും ഉരുത്തിരിഞ്ഞ്‌ രൂപ ഭാവം സിദ്ധിച്ച മനോഹര രൂപമാണ്. അനായാസമായ ആലാപന സൌകര്യവും ,സാരസമ്പുഷ്ടമായ പ്രയോഗങ്ങളും കവിതയുടെ മാറ്റുകൂട്ടി . ആലപിക്കുംതോറും സൌന്ദര്യം കൂടിക്കൂടി വരുന്നു. ഭാവുകങ്ങള്‍ .
    അക്ഷരപ്പിശകുകള്‍ മൂന്നു സ്ഥലത്ത് കണ്ടു

    ReplyDelete
  4. കവിത ഒഴുകുന്നു ...അനായാസമായി ...ഇതില്‍ പരം എന്തു വേണം

    ReplyDelete
  5. മനോഹരമായിരിക്കുന്നു...ആശംസകള്‍.

    ReplyDelete
  6. അന്നൊരാ, പാതിരാ വേളയതിങ്കല്‍
    നിവര്‍ത്തി വെച്ചൊരാ പുസ്തകത്താളില്‍
    സ്വപ്നം കണ്ടിരിപ്പൊരു ചിത്രശലഭം,
    പുസ്കക താളു മറിയുമ്പോള്‍, പതംഗത്തിന്‍
    ദുരന്തമതോര്‍ത്തു , നീ മാഴ്കകാതിരിപ്പാന്‍ ;
    പാതിരാപക്ഷിയായി പാട്ടൊന്നതു പാടി,
    ഞാനുണര്‍ത്തിയാ , ശലഭമതിനെ
    പറന്നു പോയി പതംഗം ; നിന്നുള്ളിലോ
    ഭൂതദയയുടെ പൂക്കള്‍ വിരിഞ്ഞു
    എഴുതിയതൊരു , കവിതയായി , നീ .


    ഹാ, ഇവിടെ ഭാവനയുടെ മനോഹര സ്പർശം അനുഭവിച്ചു..

    ReplyDelete
  7. കുറിഞ്ഞിപ്പൂക്കള്‍ പൂത്ത പോലെയമ്പല
    മണികള്‍ മുഴങ്ങുന്നതു പോലെ, രാത്രി
    മഴയുടെയാരവം പോലെ, മനസ്സി
    ലെങ്ങും മണലെഴുത്താകട്ടെ ആ , കവിത..

    അങ്ങനെന്നെ ആവട്ടെ!
    “കവിത ഒഴുകുന്നു ...അനായാസമായി ...ഇതില്‍ പരം എന്തു വേണം ”
    എന്റെം വക ഒരു അടിവര, അനീസ് ഹസ്സനൊപ്പം.

    ആശംസകളോടെ

    ReplyDelete
  8. വൃത്തനിബദ്ധമാണോ കവിത?
    ഒരു സംശയം :)

    ReplyDelete
  9. കൃഷ്ണനും കവിതയിലുള്ളതിനാല്‍ കവിത
    കൂടുതല്‍ ഗാനാത്മകമാക്കാന്‍ വൃത്ത പരിധിക്കു
    പുറത്തു കടന്നിട്ടുണ്ട്.പല പ്രമുഖരുടെയും
    കവിതയില്‍ ഈ രചനാ രീതി കണ്ടിട്ടുണ്ട്.
    മലയാളിയുടെ പ്രിയ കവയിത്രി സുഗതകുമാരിയാണ്
    ഇതിലെ മറ്റൊരു കഥാപാത്രം. ഇത് അപരാധമാണെങ്കില്‍
    എല്ലാവരോടും മാപ്പ് ചോദിക്കുന്നു.

    ReplyDelete
  10. മാഷേ നല്ല കവിത..സുഗതകമാരിടീച്ചറ് പദ്യകവിതയാണെങ്കില്‍ വൃത്തം വേണമെന്നും ഗദ്യകവിതയാണെങ്കില്‍ വേണ്ടയെന്നും ആണ് ഒരവസരത്തില്‍ എന്നോടു പറഞ്ഞത്.പോസ്റ്റിടുമ്പോളറിയിക്കണം

    ReplyDelete
  11. ഭാവനതൻ വർണ്ണശലഭങ്ങളങ്ങനെ
    ഭാനുവെചുംബിക്കുവാനായുയരുന്നു

    ReplyDelete
  12. artha sambushttamaya varikal, valare assalayittundu.... aashamsakal....

    ReplyDelete
  13. അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി

    ReplyDelete
  14. nannaayirikkunnu. nalla ozhukkil nannaayi pravahikkunnu.

    ReplyDelete
  15. വരാന്‍ ഇപ്പോഴേ വഴിയറിഞ്ഞുള്ളൂ.
    ഇനിയൊന്നു തിരയാം ,വെന്മുത്തുകള്‍
    ചികഞ്ഞെടുക്കാം,അതുകൊര്ത്ത്
    അഭിനന്ദന ഹാരം ഒരുക്കാം .

    ReplyDelete
  16. പദാവലികള്‍ അനര്‍ഗളമായി ഒഴുകുമ്പോള്‍
    വൃത്തത്തിന്റെയും , ലക്ഷണത്തിന്റെയും
    ചിറകള്‍ കൊണ്ട് അതിരിടേണ്ട...
    അതങ്ങിനെ സരളമായി ഒഴുകട്ടെ

    ReplyDelete
  17. ഒടുക്കം എഴുതിയപ്പോ ഒരു ഒന്നൊന്നര എഴുത്തായല്ലോ

    ReplyDelete
  18. കവിത വായിച്ചു.
    എനിക്കിഷ്ടപ്പെട്ടു.

    ReplyDelete
  19. ഒരുപാടു നല്ല കവിത.
    തേരതു നിറുത്തി നിന്‍ പുല്ക്കുടിലി -
    ലേയ്ക്കെന്നക്ഷികളാക്ഷണം ചാഞ്ഞു
    ചെന്നീടവേ , മുകുളിത പാണിയാല്‍
    മുഖമൊന്നുയര്‍ത്തി നോക്കി , നീ ,
    സുകൃതാമൃതമുണ്ടൊരാ കാഴ്ചയതിന്നും ;
    നൊമ്പരം നൊമ്പരമായെന്നുള്ളിലീ -
    ശനായാലും തെളിഞ്ഞിടും കല്പാന്തം

    മനോഹരമായ വരികള്‍

    ReplyDelete
  20. ഞാനൊരു കഥ എഴുതിയിട്ടുണ്ട് .വെറുതെയിരിക്കുമ്പോള്‍ അതു വഴി വരണേ

    ReplyDelete
  21. മാഷേ
    ഒന്നുകില്‍ എനിക്ക് അല്ലെങ്കില്‍ ഇതിനും മുന്നേ കമന്റടിച്ച് 24 പേര്‍ക്ക്
    വട്ടാണ്‌ എന്നു പറയുന്നില്ല, കുഴപ്പം വേറെന്തോ ആണ്‌. കുഴപ്പം അതെന്തായാലും ഞാനേറ്റെടുക്കുന്നു. ഈ കവിത എനിക്കിഷ്ടായില്ല.
    കൃഷ്ണാ നീ എന്നെ അറിയില്ല എന്ന കവിതയാണ്‌ പരാമര്‍ശിച്ചിരിക്കുന്നതെന്ന് കരുതുന്നു. എനിക്കത് 12 ല്‍ പഠിക്കാനുണ്ടായിരുന്നു.
    കുറിഞ്ഞിപ്പൂക്കള്‍ പൂത്തപോലെ എന്നത് അത്ര നല്ല പ്രയോഗം ആകാന്‍ വഴിയില്ല. കുറിഞ്ഞിയോ കുറിഞ്ഞികളോ ആകാം പൂക്കുന്നത്.
    വിഷമിപ്പിച്ചെങ്കില്‍ പൊറുക്കുക. തുറ്റരെഴുത്തിന്‌ ഭാവുകങ്ങള്‍

    ReplyDelete
  22. അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു സുഗതകുമാരി
    ടീച്ചറുടെ കുറിഞ്ഞിപ്പൂക്കള്‍,അമ്പലമണി,
    രാത്രിമഴ,മണലെഴുത്ത് എന്നീ കൃതികള്‍
    അതേ പോലെ പരാമര്‍ശിക്കേണ്ടി വന്നതിനാലാണ്
    അപ്രകാരം എഴുതേണ്ടി വന്നത്, പൂക്കള്‍
    വിടര്‍ന്നു എന്ന അഭംഗി പോലെ.പിന്നെ ആ നൊസ്സ്
    അതേതായാലും കവിത എഴുതുന്നയാളിനു മാത്രമാണ്.
    ചുമ്മാതെയാണോ പ്ലേറ്റാ പറഞ്ഞത് കവികളെയെല്ലാം
    തുറുങ്കിലടയ്ക്കണമെന്ന്.

    ReplyDelete
  23. കവിതയും,ബ്ലോഗു പശ്ചാത്തലവും നന്നായിട്ടുണ്ട് സണ്ണി സാറേ..

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...