അരിയമലർകണ്ണുകളിൽ
പരിഭവത്തെളിനീരുതിർന്നു
വിറയാർന്നിടുന്നു നാസിക
അധരങ്ങൾ കോണുകൾ തേടി
മുഖം വെട്ടിത്തിരിച്ചു കമ്പിത
ഗാത്ര, പിണക്കത്തിൻ വീഥിയിലൂടെ
പോകുന്നു, വേനൽക്കാറ്റു പോലെ.
ഹാ! ഇഷ്ടമെത്ര ഗിരി നിരകളേറി
പിണങ്ങിപ്പിരിഞ്ഞു പോകും
അവാച്യ സുന്ദരമായ നിന്നുടെ
ജാലവിദ്യയൊരു സർഗ്ഗ ദൃശ്യം
വിശ്വ ചിത്രകാര നീ, വരയ്ക്കുക
എൻ ജീവിത ക്യാൻവാസിതിൽ
അപൂർവ്വമനവദ്യ ചിത്രമായിത്.
പകലിന്റെ സൗഹൃദമെന്നുടെ
കാതുകളിൽ കുസൃതിയോടെ
വന്നു പറഞ്ഞു പോയ് ക്ഷണം
പതിരാവാകട്ടെ കാത്തിരിക്കൂ
സഖേ! പൂനിലാവും, തെന്നലും
കൂടെ വന്നെത്തിടുമപ്പോൾ .
No comments:
Post a Comment