ഒരു കടലെൻ കൈകളിൽ
നിറയ്ക്കും നിന്‍ നെഞ്ചിലെ
തീനാളം കെടുത്തുവാന്‍
ഒരു കാറ്റെന്‍ കൈകളിൽ -
ഒതുക്കും , നിന്നുളളിലെ
ഉഷ്ണം വീശിയകറ്റാന്‍
വേദന ചിതറും , കൺകളിലെ
കണ്ണീർമണികൾ തുടയ്ക്കുവാൻ
വെമ്പുന്ന വിരലുകളുമായി
വന്നെത്തിടുമെന്റെ കൈകള്‍
വീണു നിലത്തു തളര്‍ന്നു
കിടക്കുമ്പോൾ, കനിവാര്‍ന്നു
നീട്ടും ; ഞാനെന്റെ കൈകൾ
അടിമത്വമാഢ്യ ദുഷ് പ്രഭുത്വം
അധികാരയനീതിയ്ക്കെതിരെ -
മുഷ്ടിച്ചുരുട്ടിയ, കൈയ്യുയര്‍ത്തി
ഞാൻ , ഇങ്ക്വിലാബ് വിളിക്കും
തെരുവിൽ , ഇങ്കിലാബ് വിളിക്കും
ഉള്ളില്‍ പൂത്തിടും പ്രണയത്തിന്‍
സായൂജ്യമാം , രേഖയായായി
ഒരു പ്രേമ ലേഖനമെഴുതിടും ;
ചോരത്തുടിക്കും , കൈയ്യാല്‍
ഒരു സന്ധ്യയകലും നിശബ്ദ -
തയിലെന്നെ ചാരി നില്ക്കും
നിന്‍ മുടിയിഴകളില്‍ , പ്രേമാർദ്രം
കൈകളാൽ തഴുകിടുമ്പോൾ
പാതി കൂമ്പും നിന്‍ മിഴികള്‍
ഹാ എവിടെയിന്നെൻ കൈകള്‍
മരവിച്ച പ്രഞ്ജയുമായെന്നുടെ
നാഡികൾ തോളിലമ്പരപ്പൂ
ഇല്ലെനിക്കിന്നു കൈകള്‍
തെരുവിലൊരു തിരക്കിലെ
പൊട്ടിത്തെറിയിലിന്നും
ഞടുങ്ങുന്നുയെന്നോര്‍മ്മകള്‍
കടലിന്നലകളിളകുന്നുയൊരു
കാറ്റെന്നെ കടന്നു പോകുന്നു
എവിടെയെന്നുടെ കൈകള്‍ .