എന്നെ അറിയുമോ ? , സഖീ
അന്നൊരു കൊടും ശൈത്യത്തില്‍
ഇത്തിരി കനലിനായി
നിന്നന്തികത്തിങ്കലണഞ്ഞതും ,
വിറയാര്‍ന്ന കൈയാല്‍
നിന്നെ തൊട്ടു വിളിച്ചതും,
തണുത്തുറഞ്ഞൊരെന്‍
രക്തധമനിയിലഗ്നി ജ്വാല
നീ പകര്‍ന്നു തന്നതും ;
പിന്നെത്രയോ ശിശിരങ്ങളില്‍
ചൂടുതേടി നിന്‍ കൂടണഞ്ഞതും ,
എരിയുന്ന ചന്ദനത്തിരി
സുഗന്ധം , നൂപുരശിഞ്ജിത -
ങ്ങളുജ്ജ്വല വര്‍ണ്ണവസ -
നങ്ങളുതിരും യാമങ്ങള്‍….
എന്നെയറിയുമോ ?
ചുട്ടുപ്പൊള്ളും വേനലില്‍
നിന്നരികിലണഞ്ഞു
മഞ്ഞുകണങ്ങള്‍
തേടിയതും , വറ്റിവരണ്ട
നാവാലിടറിയന്നു നിന്‍
പേരു ഞാന്‍ പുലമ്പിയതും
രാഗമുന്തിരിച്ചക്ഷക -
മേകിയെന്നുടെ ദാഹമന്നു
നീ , തീര്‍ത്തതും , പിന്നെത്രയോ
ഗ്രീഷ്മങ്ങളില്‍ ; സന്ധ്യകളന്നു
നൃത്തനൃത്യ സംഗീത സാന്ദ്ര -
ങ്ങള്‍ ,കലകളുടെ സംഗമങ്ങള്‍ .
എന്നെ അറിയുമോ ? സഖീ
വിളിപ്പാടകലെയലയും
ഓര്‍മ്മകളില്‍ തിരയൂ ,
ഇല്ല ! പരിചിത മന്ദഹാസം
ഇല്ല ഹൃത്തിലാഹ്ലാദവീചികള്‍
ചൂണ്ടുവിരല്‍ നീട്ടുന്നു , നീ
കണ്ടു ഞാന്‍ കടലാസു ചീന്തു -
കള്‍ നിറഞ്ഞൊരാ , കൂട ;
ആത്മപരിചിതങ്ങളാം
അക്ഷരങ്ങള്‍ മൃത്യുപുല്കിയ ,
കടലാസു കീറുകള്‍ .
കടലാസുകീറുകള്‍-കവിതാസമാഹാരം
പെന്‍ബുക്സ് 2005
ഈ കവിത നേരത്തെ പോസ്റ്റു ചെയ്തതാണു്.
അബദ്ധവശാല്‍ ഡീലിറ്റു ചെയ്തു പോയി. കുറച്ചു സുഹൃത്തുക്കള്‍
അഭിപ്രായം കുറിച്ചിരുന്നു