Saturday, March 19, 2011

ദയാവധം


                      [അല്‍ഷിമേഴ്സ് രോഗിയെ സന്ദര്‍ശിച്ചതിനു ശേഷമെഴുതിയതു് ]


                              ജീവകലകള്‍ പിടയും വ്യാധിയതില്‍
                              ചിന്തകളാ, വേപഥുവിലുലയുന്നു
                              ബന്ധമറ്റു പോകുന്ന സ്മരണകളുടെ
                              കണ്ണികളും ഛിന്നഭിന്നമായിടുന്നു
                              രാപ്പകലുകള്‍ തന്‍ തിരിച്ചറിവുകളോ
                              നഷ്ടമാകുന്നുയിന്നാ ബോധയബോധ
                              മണ്ഡലങ്ങളേതും സര്‍വ്വശൂന്യങ്ങളും
                              പരിചിത വീഥികളപരിചിതം
                              മൂടല്‍ മഞ്ഞിലാ വഴികള്‍ മറയുന്നു.

                              നിലാവിശുദ്ധി പോല്‍ മുന്നില്‍ ചിരിച്ചെത്തും
                              പ്രാണന്റെ പ്രാണനില്‍ നിത്യം ജ്വലിക്കും
                              ഭദ്ര വിളക്കാം സഖിയവളാരെന്നു
                              സന്ദേഹിക്കുന്നു, പിന്നെയാട്ടുന്നു ക്രൂരം
                              വന്നെത്തും സ്നേഹിതര്‍ ; പ്രേതരൂപികളാം
                              കാല ദൂതരെന്നു വിളിച്ചു കൂവുന്നു.
                              എന്തിതു കഷ്ടമുള്ളിന്റെയുള്ളിലല്പ -
                              മാത്ര തെളിഞ്ഞിടും ചെറു ബോധ കണി -
                              കയതു  പകരും തിരിച്ചറിവിലും
                              നിസ്സാഹായതയുടെ കനിവില്ലായ്മ
                         
                               വഴി തെറ്റി വന്നെത്തും പഥികനെപോല്‍
                              മേധയിലറിവിന്‍ തെളിവെളിച്ചം
                              തങ്ങിടൂയല്പനേരം, യാചിച്ചതപ്പോള്‍
                              പ്രിയയോടു 'ക്ഷണമേകൂ നീയമലേ
                              കനിവാര്‍ന്നു ദയാവധം ഹാതാശനു
                              മതി വിഷകനി പോല്‍ ത്യജിപ്പോമലെ
                              വൃഥാത്തുടിക്കുമീ മേനി നിസ്സന്ദേഹം
                              കണ്ണുണ്ടു കാതുണ്ടെന്നിട്ടുമൊരു ബിംബം
                              കണക്കെ തീര്‍ന്നീടിലെന്തിനീ ജീവിതം'
                              പൊട്ടിടുന്നു ; ബോധനാരുടനാ സ്വത്വം
                              വിസ്മൃതി തന്‍ വിഹായസ്സിലലക്ഷ്യം
                              പറന്നു,നൂലുപ്പൊട്ടിയ പട്ടമായ്
                              അക്ഷണമോമലാളാ മാറിലണഞ്ഞു
                              മന്ത്രിച്ചു കരളു മുറിഞ്ഞു പിടയും
                              നൊമ്പരമതുള്‍ക്കാമ്പിലൊതുക്കി മെല്ലെ
                              കേള്‍പ്പതില്ലേയീ നെഞ്ചിലുയരും
                              നിലയ്ക്കാത്ത, നിലയ്ക്കാത്ത രാഗസ്പന്ദം
                              മിന്നിയൊരു തിളക്കമാ മിഴികളില്‍
                              വിടരുന്നു ചുണ്ടതില്‍ ചെറുപ്പുഞ്ചിരി
                              മിഴിപ്പീലികളുത്സാഹമോടെ തൊട്ടു
                              തൊട്ടുരുമ്മിയാ കണ്ണീര്‍മണികളുടെ
                              സല്ലാപസംഗമ ശുഭ വേളയതില്‍ .

                              ആരാരു കത്തിക്കുമന്തിത്തിരിയസ്ഥി -
                              ത്തറയതിലെന്നു നിശ്ചയിക്കാനതി
                              നാമോയല്പ മാത്രയിലും രാഗപൂരിത
                              മാം; മനമതിനു കിനാവിങ്കലുമേ .













25 comments:

  1. ഓര്‍മ്മകളില്ലെങ്കില്‍ പിന്നെ എന്ത്?

    ReplyDelete
  2. നന്നായി കവിത..ആ അവസ്ഥ ഭയങ്കരമാണ്

    ReplyDelete
  3. മേധാക്ഷയം സംഭവിച്ച വ്യക്തിയേക്കാള്‍ ഭീകരമാണ് അയാളെ/അവരെ സ്നേഹിക്കുന്നവരുടെയും ശുശ്രൂഷിക്കുന്നവരുടെയും അവസ്ഥ. എന്റെ വളരെ അടുത്ത സുഹൃത്തിന്റെ മുത്തശ്ശിയമ്മ അവരുടെ വാര്‍ധക്യത്തില്‍ ഓര്‍മ്മകളപ്പാടെ ഉപേക്ഷിക്കുകയും(അല്ലെങ്കില്‍ ഓര്‍മ്മകളവരെയും ആകാം), തന്നെ സ്നേഹിക്കുന്നവരെ അവരില്‍ നിന്നും അകറ്റുന്നതില്‍ സന്തോഷം കാണുകയും ചെയ്തിരുന്നു. ഇഹത്തിലും പരത്തിലും അല്ലാത്ത ഒരു തരം ജീവിതത്തിലേക്ക് അവര്‍ തന്നെത്താന്‍ കൂപ്പു കുത്തി.
    ജെയിംസ്‌ ജി..കവിത നന്നായിട്ടുണ്ട്. അതിലും മികച്ചത് കൈകാര്യം ചെയ്ത വിഷയം ആണ്. ഭാവുകങ്ങള്‍.

    ReplyDelete
  4. അത്ഷിമേർസ് ബാധിച്ച് നൂലു പൊട്ടിയ പട്ടമായവരെ കുറിച്ച് നല്ലൊരു കവിത. നല്ല നിലയിൽ ജീവിച്ച് ഈ സ്ഥിതിയിലെത്തിയ ചിലരെ കണ്ട് വല്ലാതെ വിഷമിച്ചിട്ടുണ്ട്.

    ReplyDelete
  5. അങ്ങനൊരു അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ കൂടി പേടിയാവുന്നു ....
    കവിത നന്നായി... ആശംസകള്‍....

    ReplyDelete
  6. വല്ലാത്ത ഒരവസ്ഥയാണ് ആ രോഗം ആര്‍ക്കും വരാതിരിക്കട്ടെ ..
    എഴുത്തിനു ഭാവുകങ്ങള്‍ ...

    ReplyDelete
  7. മാഷേ,വായിച്ചു.
    ടച്ചിങ്ങായിട്ടുള്ള വിഷയം.
    ആശംസകൾ

    ReplyDelete
  8. ഈ ചിന്തകള്‍ വേദനിപ്പിക്കുന്നു ..
    ഈ കവിത ആശ്വസിപ്പിക്കുന്നു ...
    ആശംസകള്‍ ....

    ReplyDelete
  9. നഷ്ടമാകുന്നുയിന്നാ ബോധയബോധ മണ്ഡലങ്ങളേതും സര്‍വ്വശൂന്യങ്ങളും പരിചിത വീഥികളപരിചിതം മൂടല്‍ മഞ്ഞിലാ വഴികള്‍ മറയുന്നു.... വല്ലാത്ത അവസ്ഥ...സഹോദരാ...നന്നായി എഴുതിയിരിക്കുന്നൂ....എന്തിതു കഷ്ടമുള്ളിന്റെയുള്ളിലല്പ - മാത്ര തെളിഞ്ഞിടും ചെറു ബോധ കണി - കയതു പകരും തിരിച്ചറിവിലും നിസ്സാഹായതയുടെ കനിവില്ലായ്മ.....ചിന്തയുടെ ലാളനമേറ്റ തൂലികത്തുമ്പത്തെപ്രഭാകിരണങ്ങൾ ചാലിച്ചെഴുതിയ വരികൾ വായിച്ചപ്പോഴുണ്ടായ അനുനിർവ്വജനീയമായ അവസ്ഥ....എല്ലാ ഭാവുകങ്ങളും...

    ReplyDelete
  10. athe ..aarkkum varaathirikkate ee asukham..
    kavitha nannayi.

    ReplyDelete
  11. ഈ കവിത വായിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ ഈറനായി. എന്റെ അമ്മൂമ്മയ്ക്ക് ഈ അസുഖമായിരുന്നു. ഈ രോഗത്തിന്റെ ആദ്യഘട്ടം വളരെ കഷ്ടമാണ്‌. കാരണം ആ സമയത്തു രോഗിക്ക് അസുഖമാണ്‌ എന്നു മനസ്സിലാക്കാതെ ചുറ്റുമുള്ളവര്‍ അവരെ കുറ്റപ്പെടുത്തുകയും, അവഗണിക്കുകയും ചെയ്യും. പതിയെ പതിയെയാണ്‌ ഇതു അസുഖമാണെന്ന് നമുക്ക് മനസ്സിലാകൂ. രോഗിയുടെ അവസ്ഥ മനസ്സിലാക്കി അവര്‍ക്ക് സ്നേഹവും സം‌രക്ഷണവും കൊടുക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം.

    ReplyDelete
  12. ഓര്‍മ്മകള്‍ പാടെ മാഞ്ഞുപോയിരുന്ന ഒരമ്മയുടെ മരുമകളായി കയറിച്ചെല്ലുമ്പോള്‍ മനസ്സ്നിറയെ അങ്കലാപ്പായിരുന്നു.... പിന്നെ മനസ്സിനെ ശൂന്യമാക്കിയിടാനും കത്തുന്ന സൂര്യനെ നോക്കി കുഞ്ഞിനെ പോലെ മന്ദഹസിക്കാനും പഠിച്ചത് ആ അമ്മയില്‍ നിന്നാണ്... ഒരിക്കലും കൈവിട്ടുപോകരുതെന്നു പ്രാര്ത്ഥിച്ചു വേദനയോടെ കാത്തിരുന്നിട്ടും നഷ്ടപെട്ടുപോയ ഒരു കുളിര്‍ കാറ്റായി ആ ഓര്മ്മകള്‍ ഇന്നും കൂടെയുണ്ട്...

    ReplyDelete
  13. വല്ലാത്തൊരു അവസ്ഥയാണിത്..." ചക്കിമോളുടെ അമ്മ said... " ഈ കമന്റ്‌ വായിച്ചപ്പോള്‍ വല്ലാത്തൊരു നൊമ്പരം...

    ReplyDelete
  14. എത്ര വേദനിപ്പിക്കുന്ന അവസ്ഥ എന്ന് പറയുന്നില്ല.എന്റെ അമ്മമ്മയും അങ്ങനെ ആയിരുന്നു.

    ReplyDelete
  15. ഇതും ജീവിതത്തിന്റെ മറ്റൊരുവശം........കണ്ണുതുറപ്പിക്കുന്ന കവിത

    ReplyDelete
  16. ഗൌരവതരമായ വിഷയവും അത് ഉള്‍ക്കൊള്ളുന്ന കവിതയും. ആഘോഷങ്ങള്‍ടയ്ക്കു നാം മറന്നു പോവുന്നു പലതും. ഈ അവസ്ഥകള്‍ നമ്മെ കണ്ണ് തുറപ്പിക്കണം

    ReplyDelete
  17. NJAN IVIDE ADYAM..

    കണ്ണുണ്ടു കാതുണ്ടെന്നിട്ടുമൊരു ബിംബം
    കണക്കെ തീര്‍ന്നീടിലെന്തിനീ ജീവിതം'

    ... ITHUM JEEVITHAM .. SUPERB STYLE

    ReplyDelete
  18. ഒരു കവിതയിലെങ്കിലും ഓർത്തതും അവരെ മനസ്സിലാക്കിയതും വലിയകാര്യം

    ReplyDelete
  19. വല്ലാത്ത ഒരവസ്ഥയാണ് ആ രോഗം ആര്‍ക്കും വരാതിരിക്കട്ടെ ..

    ReplyDelete
  20. പേടിപ്പിക്കുന്ന വരികള്‍.
    ഓര്‍മ്മ തിന്നു ജീവിക്കുന്ന ഒരാളെന്ന നിലക്ക്
    എല്ലാം മറന്നു പോവുന്ന നേരത്തെ കാറ്റുകളുടെ
    പേടിപ്പെടുത്തുന്ന വിദൂരഹുങ്കാരം പോലും
    അകമേ ഭയം നിറക്കുന്നത്.
    നന്നായെഴുതി.

    ReplyDelete
  21. ആഴത്തിൽ മുറിപ്പെടുത്തിയതിന്......

    ReplyDelete
  22. ഈ അവസ്ഥ ആര്‍ക്കും വരുത്താതിരിക്കട്ടെ.

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...