Thursday, September 29, 2011

ഒരു പകല്‍കിനാവു്


എന്‍ ദിവാസ്വപ്നത്തിന്‍ പൂങ്കാവനത്തി -
ലൊരുജ്ജ്വല വര്‍ണ്ണപുഷ്പം വിടര്‍ന്നു
കണ്ടിട്ടില്ല ഞാനിതുവരേക്കുമിത്ര
അഴകു വിതറിടും വര്‍ണ്ണരാജികള്‍
ഏഴല്ലെഴുന്നൂറല്ലതിന്‍ നിറങ്ങള്‍
ന്നുടെ ചിന്തകള്‍ കണക്കു കൂട്ടി
 ഭ്രമിച്ചും ലയിച്ചും മനസ്സും,മതിയും
 മനോരമ്യം നോക്കി മിഴിയെടുക്കാതെ

 വിട്ടകന്നുവല്ലോയപ്പോളെന്നുമനുയാത്ര
ചെയ്തിടുന്ന ദുഷ്ടദുരന്തങ്ങള്‍ ക്ഷണം
കയ്പുനീര്‍ നിറച്ചു വെച്ചൊരാ ജീവിത
പാനപാത്രം കമഴ്ത്തി , വിധിയെന്നുത്സാ-
ഹ, സല്ലാപ നൃത്തച്ചുവടുകള്‍ക്കിടെ,
ആമോദമോ, ഹിതമോടെ പിടികൂടി
എന്‍ ദിവാസ്വപ്നത്തിന്‍ പൂങ്കാവനത്തിലാ
സുന്ദര സൂനം സുസ്മിതം തൂകി നില്പൂ

വസന്തസമാഗമ സുഖദകാല -
മണഞ്ഞതാകാമിന്ദ്രിയങ്ങളില്‍ പ്രാണന്‍
താളമിട്ടു, കാമനകള്‍ ചിറകു വി-
തിര്‍ത്തു; കെട്ടുപോയി സന്താപജ്വാലകള്‍
മുകമാമാകാശം മറച്ചൊരാ കരി -
മേഘ നിരയുമകന്നു തെളിവാര്‍ന്നു
നീലവാനം വിരിഞ്ഞൂ മഴവില്ലുകള്‍
ഹര്‍ഷമോടെ വിരല്‍ത്തുമ്പാല്‍ മൃദു സ്പര്‍ശ -
ത്തിനായി കൊതിച്ചെത്തിയരികെ ഞാന്‍

ഹാ! പകല്‍കിനാവതു പൊലിഞ്ഞു പൂവും
കൊഴിഞ്ഞൂ ഇല്ല ദളവും സൗരഭവും
കിനാവിങ്കല്‍ പോലും കനിവേകാത്തതെ-
ന്തേ, നിയതി തന്നുടെ തത്വ ശാസ്ത്രമേ?

        



17 comments:

  1. മിക്ക സ്വപ്നങ്ങളുടെയും ആയുസ്സ് കൊഴിയുന്ന പൂവ് പോലെ തന്നെ...ഇഷ്ടപ്പെട്ടു...ആശയം..കവിത ഭംഗി അറിയില്ല...

    ReplyDelete
  2. സ്വപ്നങ്ങൾ ജീവിക്കുന്നു. സ്വപ്നങ്ങൾ മരിക്കുമ്പോൾ മരിച്ചു.

    ReplyDelete
  3. ഹാ! പകല്‍കിനാവതു പൊലിഞ്ഞു പൂവും
    കൊഴിഞ്ഞൂ ഇല്ല ദളവും സൗരഭവും
    കിനാവിങ്കല്‍ പോലും കനിവേകാത്തതെ-
    ന്തേ, നിയതി തന്നുടെ തത്വ ശാസ്ത്രമേ?

    ....പകല്‍ കിനാവിന്‍ പവനുരുക്കുന്നവര്‍... നന്നായി മാഷെ...

    ReplyDelete
  4. ദിവാസ്വപ്നത്തിലെ പൂങ്കാവനത്തിലെ വർണ്ണപുഷ്പം!
    നന്നായിരിക്കുന്നു. ആശംസകൾ.

    ReplyDelete
  5. ഹാ! പകല്‍കിനാവതു പൊലിഞ്ഞു പൂവും
    കൊഴിഞ്ഞൂ ഇല്ല ദളവും സൗരഭവും
    കിനാവിങ്കല്‍ പോലും കനിവേകാത്തതെ-
    ന്തേ, നിയതി തന്നുടെ തത്വ ശാസ്ത്രമേ?

    അതെ എന്ന് തോന്നുന്നു.ദിവാ സ്വപ്നത്തില്‍ പ്പോലും നിയതി കൈകടത്തുന്നു.അല്ലേ?
    നന്നായിട്ടുണ്ട് .അഭിനന്ദനങ്ങള്‍ .....

    ReplyDelete
  6. കിനാവിങ്കല്‍ പോലും കനിവേകാത്തതെ-
    ന്തേ, നിയതി തന്നുടെ തത്വ ശാസ്ത്രമേ?..നല്ല കവിതക്കെന്റെ ആശംസകൾ.........

    ReplyDelete
  7. നല്ല കവിതാ‍കുസുമം...ആശംസകള്‍

    ReplyDelete
  8. "ഏഴല്ലെഴുന്നൂറല്ലതിന്‍ നിറങ്ങള്‍
    എന്നുടെ ചിന്തകള്‍ കണക്കു കൂട്ടി
    ഭ്രമിച്ചും ലയിച്ചും മനസ്സും,മതിയും
    മനോരമ്യം നോക്കി മിഴിയെടുക്കാതെ"

    "ഹാ! പകല്‍കിനാവതു പൊലിഞ്ഞു പൂവും
    കൊഴിഞ്ഞൂ ഇല്ല ദളവും സൗരഭവും" ഇല്ല ദളവും എന്നുതന്നെയാണോ ഉദ്ദേശിച്ചത്? അതോ ഇലയോ?

    ReplyDelete
  9. നികുതിയടയ്ക്കണ്ട സ്വപ്നം കാണാൻ എന്നൊക്കെ തമാശ പറഞ്ഞിട്ടെന്തു കാര്യം. ജീവിതസത്യങ്ങൾ സ്വപ്നത്തിലും പശ്ചാത്തലമാകുന്നു. ക്രൂരം,ല്ലേ.

    ReplyDelete
  10. valare nalla kavitha!


    (Sorry, my malayalam font doesn't work)

    ReplyDelete
  11. നല്ല വരികൾ മാഷേ..കിനാവിന്റെ നൈമിഷികത...

    ReplyDelete
  12. സജിം ഇല്ലയെന്നു തന്നെ.
    കൊഴിഞ്ഞൂ കഴിഞ്ഞു് ,വിട്ടു പോയതാണു
    സംശയത്തിനിട നല്കിയതു്.

    ReplyDelete
  13. പൊലിഞ്ഞു പോയാലും വീണ്ടും കിനാവുകള്‍ കാണാന്‍ എന്റെ ആശംസ.

    ReplyDelete
  14. അവസാനത്തെ നാലു വരികള്‍ തകര്‍ത്തു!!!൧അഭിനന്ദങ്ങള്‍.

    ReplyDelete
  15. manoharamaya varikal, valare nannayittundu..... aashamsakal..........

    ReplyDelete
  16. "വസന്തസമാഗമ സുഖദകാല -
    മണഞ്ഞതാകാമിന്ദ്രിയങ്ങളില്‍ പ്രാണന്‍
    താളമിട്ടു, കാമനകള്‍ ചിറകു വി-
    തിര്‍ത്തു; കെട്ടുപോയി സന്താപജ്വാലകള്‍
    മുകമാമാകാശം മറച്ചൊരാ കരി -
    മേഘ നിരയുമകന്നു തെളിവാര്‍ന്നു
    നീലവാനം വിരിഞ്ഞൂ മഴവില്ലുകള്‍
    ഹര്‍ഷമോടെ വിരല്‍ത്തുമ്പാല്‍ മൃദു സ്പര്‍ശ -
    ത്തിനായി കൊതിച്ചെത്തിയരികെ ഞാന്‍"

    ഹായ്, എത്ര സുന്ദരമായ വരികൾ

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...