അശാന്തിയുടെ കൂടാര -
ത്തിലെത്തിയ
അതിഥിയാണിന്നു ഞാൻ
ചഷകങ്ങളിൽ
നിറയ്ക്കുന്നതു
കണ്ണുനീരോ ? രുധിരമോ ?
ഭോജന പാത്രത്തിൽ
ആത്മാവു പകുത്തു
ദുരിത ഗണങ്ങളോ ?
അശാന്തിയുടെ
പാളയത്തിലെ
തടവുകാരൻ ഞാൻ .
ജനനമരണങ്ങളുടെ
കാലദൈർഘ്യങ്ങൾക്കിടെ
ജീവിതം ക്ഷണിച്ചു
കൊണ്ടു വന്നതിവിടെ
എന്തെന്തു സ്വപ്നങ്ങൾ
കണ്ടതൊക്കെയും
തല്ലിക്കൊഴിച്ചുവല്ലോ
പൊഴിഞ്ഞൊരാ
സ്വപ്നത്തിനിതളുകളിൽ
ആരുടെ കാല്പാടുകൾ ?
അകലെയേതോ
വിജനതയിലുയരുന്ന
ദൃഢ കാലൊച്ചകൾ
കാണാനാകാതെ
എത്തിടുമതിഥിയുടെ
പാദപതനങ്ങൾ
വരിക സഖേ , വരിക
നല്കിടാമുപഹാരം
അനുയാത്രക്കു മുമ്പ് ,
ജീവിത മുത്തുകൾ
നിറയ്ക്കുവാൻ
കാലമേകിയ കനക -
ച്ചെപ്പിൽ നിയതി
നിറച്ച കണ്ണീർമണികൾ .