Thursday, December 20, 2012

കശാപ്പു്



കോഴിക്കടയിലേക്കു
കടന്നു ചെല്ലുമ്പോളെന്നും
അയാൾ വിമ്മിട്ടപ്പെടുമായിരുന്നു
കടക്കാരാൻ കരുണരഹിതമായി
ചിറകും കാലും കൂട്ടിപ്പിരിച്ച
ഉരുണ്ടു കൊഴുത്ത കോഴി
തുലാസിലെ തട്ടിൽ കിടന്നു്
തന്നെ നിസ്സാഹതയോടെ
നോക്കുമ്പോളയാളുടെ
വിമ്മിട്ടമിരട്ടിക്കുമായിരുന്നു .

തുകയെണ്ണി നല്കുമ്പോൾ ,
ഇറച്ചി വ്യാപാരത്തിന്റെ
പരിസമാപ്തിയായി
കശാപ്പും , കോഴിയുടെ
കരച്ചിലും, പിന്നെ പിടച്ചിലും
അതു ,സഹിയ്ക്കാനാകാത്ത
വിമ്മിട്ടത്തിന്റെ പാരമ്യത്തിൽ
അയാളപ്പോൾ വിവശനാകും
എന്നിട്ടും ആഴ്ചയിലൊരിക്കൽ -
അയാൾ കോഴിക്കട സന്ദർശിക്കും,
വിമ്മിട്ടത്തെയഭിമുഖീകരിക്കും
വളരട്ടെ കുട്ടികൾ , കോഴിമാംസം
വളർച്ചക്കു നല്ലതാണു
അതിനാൽ ,വിമ്മിട്ടത്തിനു
കീഴടങ്ങികൊണ്ടയാൾ
കടയിൽ ,കോഴിമാംസം
വാങ്ങാനെത്തുമായിരുന്നു

ഒരിക്കലുമൊരുകോഴിയേയും
ഇന്നു വരെയയാൾ
കൊന്നിട്ടില്ലാ, എന്തിനു
ഒരുറുമ്പിനെ പോലും .

എന്നാൽ , ജീവൻ പിടഞ്ഞു
പറന്നകന്നു പോകുന്നതിനു
മുമ്പായി , പൊന്നു മകളുടെ
ചീന്തിപ്പറിച്ച പൂവുടൽ
പറമ്പിലെ കാഴ്ചകളെ
മറയ്ക്കുന്നതിനു മുമ്പയി
ഒരെറുമ്പിനെയന്നാദ്യം
അയാൾ ,ചവിട്ടിയരച്ചു കൊന്നു .

പിന്നീടു, ഇരട്ടക്കുഴൽ തോക്കി -
ലൂടെ, മകളുടെ ഘാതകനെ
കശാപ്പു ചെയ്യുമ്പോൾ
കോഴിക്കടയിലെ പിടച്ചിൽ
നല്ലതു പോലെയാദ്യമായി
അയാളാസ്വദിച്ചു
പക്ഷേ, ചരിത്രം
സത്യസന്ധമായി
എല്ലാം കുറിച്ചു വെച്ചു
കോഴിക്കടയിൽ
കശാപ്പു കത്തിക്കിരയായ
കോഴിയുടെ പിടച്ചലിൽ
അയാളെന്നും
വിമ്മിട്ടപ്പെട്ടിരുന്നുവെന്നു്
എന്നാൽ , നിയമത്തിന്റെ
പുസ്തക താളുകളിൽ
ചരിത്രത്തിന്റെ
കുറിപ്പുകൾ ഇല്ലായിരുന്നു
നീതിയുടെ , കശാപ്പിനായി
അയാൾ സന്നദ്ധനായി .

6 comments:

  1. നീതിപീഠങ്ങള്‍ കണ്ണടയ്ക്കുമ്പോള്‍ നിസ്സഹായനായ മനുഷ്യനു നീതി നടപ്പിലാക്കാന്‍ നീതിയുടെ പടയാളി ആകേണ്ടി വരുന്നു...ഇത് ഇന്നിന്‍റെ മുഖം...

    ReplyDelete
  2. കൊലമരങ്ങൾ കരയുന്ന അപൂർവ നിമിഷങ്ങൾ...!!

    നന്നായി എഴുതി

    ശുഭാശംസകൾ......

    ReplyDelete
  3. നീതിയുടെ കശാപ്പിനായ്‌ തയ്യാറാകുന്നവര്‍ ..

    ReplyDelete
  4. എന്നാൽ , നിയമത്തിന്റെ
    പുസ്തക താളുകളിൽ
    ചരിത്രത്തിന്റെ
    കുറിപ്പുകൾ ഇല്ലായിരുന്നു
    നീതിയുടെ , കശാപ്പിനായി
    അയാൾ സന്നദ്ധനായി .
    അങ്ങനെ ഓരോരുത്തരും തുനിയേണ്ടി വരുന്ന കാലം അടുത്തുകൊണ്ടിരിക്കുന്നു.

    ReplyDelete
  5. നിയമത്തിന്റെ പുസ്തകത്താളില്‍ ചരിത്രമില്ല.. തെളിവ്.തെളിവ്. എന്നാണെഴുത്തു

    ReplyDelete
  6. സാഹചര്യമാണല്ലോ മനുഷ്യനെ കൊലപാതികളാക്കുന്നത്...

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...