Monday, November 25, 2013

ചെടികളുടെയും മരങ്ങളുടെയും ഇടയിലെ വീടു്



          



 കണ്ടും കേട്ടും പരിചയമില്ലാത്ത പല തരത്തിലുള്ള ചെടികളാണു്
വീടിന്റെ പരിസരത്തിലും പറമ്പിലുമായി വളർന്നു നില്ക്കുന്നതു് .
പലതിലും ബഹു വർണ്ണത്തിലുള്ള പൂക്കൾ വിടർന്നു നില്ക്കും.
കാണാൻ കൗതുകകരമായ കാഴ്ചയാണതു്. മരങ്ങളുടെയും , ചെടി
കളുടെയും ഇടയിലാണു് ഞങ്ങളുടെ വീടു് . വളരെ അഭിമാനപൂർവ്വം
തന്നെ ഡോക്ടർ സൈന തങ്ങളുടെ വീടിനെക്കുറിച്ചു് മറ്റുള്ളവരോടു്
പറയും..
                അത്യപൂർവ്വങ്ങളായ ഇനത്തിൽപ്പെട്ട ഒട്ടനവധി ഔഷധ
സസ്യങ്ങൾ അക്കൂട്ടത്തിലുണ്ടെന്നു് പടിഞ്ഞാറു താമസിക്കുന്ന പട്ടാള
ഉദ്യോഗസ്ഥന്റെ പറമ്പിലേക്കു ചാഞ്ഞു കിടക്കുകയായിരുന്ന ഞാവൽ
മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റൻ വന്ന മരം വെട്ടുകാരൻ പറമ്പിലേക്കു
ഒരു വിഹഗ വീക്ഷണം നടത്തിയതിനു ശേക്ഷം കണ്ടു പിടിച്ചു് സൈന
യോടു വെളിപ്പെടുത്തി . അതിനിടയിൽ തന്നെ അത്ഭുതം കൂറി അയാൾ
പറഞ്ഞു പോയി .

“ഡോക്ടറേ ഈ നഗരമദ്ധ്യത്തിൽ ഇത്രയും മരങ്ങളും ചെടികളുമുള്ള 
ഒരു പുരയിടം സങ്കല്പിക്കാനേ കഴിയുന്നില്ല .”

അതു കേട്ടു് സൈന ചെറുതായി ചിരിച്ചു . ഞാവൽ മരത്തിന്റെ കൊമ്പു
കളിൽ നിന്നും പൊഴിഞ്ഞു വീഴുന്ന ഇലകൾ തന്റെപുരയിടത്തിൽ കുമി
ഞ്ഞു കൂടി വൃത്തികേടാകുന്നു, അതിനാൽ ചാഞ്ഞു നില്ക്കുന്ന ചില്ലകൾ 
മുറിച്ചു മാറ്റാൻ ഉടമസ്ഥരോടു നിർദ്ദേശിക്കണമെന്നു് സൈനയുടെ വീടി
നു പടിഞ്ഞാറു താമസിക്കുന്ന റിട്ടയേർഡ്  പട്ടാള ഉദ്യോഗസ്ഥൻ
റസിഡന്റു് അസോസിയേഷനു് നല്കിയ പരാതിയെ തുടർന്നു് റസിഡ
ന്റ് അസോസിയേഷൻ ഭാരവാഹികൾ നേരിട്ടു് എത്തി സൈനയോടു
നിർദ്ദേശിച്ചതാണു് അപ്പുറത്തേക്കു ചാഞ്ഞു കിടക്കുന്ന ചില്ലകൾ വെട്ടി
മാറ്റി കൊടുക്കണമെന്നു്. അക്കൂട്ടത്തിലെ ഗ്രീവൻസ് സെൽ കൺവീനർ
ജേക്കബ്ബ് സാംസൺ അല്പം കടുപ്പിച്ചു തന്നെ ആ നിർദ്ദേശം ആവർ
ത്തിക്കുകയും ചെയ്തു .

“അത്രക്കു വോണോ ?  അവരുടെ വീടിരിക്കുന്ന ഭാഗത്തു നിന്നു് എന്ത
കലെയാണു് ഈ മരം നില്ക്കുന്നതു്.  ഇതിലെ ഇലകൾ അപ്പുറത്തു 
വീണാൽ തന്നെ അവിടെ വളർന്നു നില്ക്കുന്ന വാഴകൾക്ക് പ്രകൃതി
ദത്തമായ വളം ലഭിക്കുകയും ചെയ്യും.  മാത്രമല്ല ഇതു പോലൊരു മരം
 ഇവിടെ ഇപ്പോൾ അപൂർവ്വവുമാണു് . ഒരു ശല്യവും ഇതിന്റെ ചില്ലകൾ  
 അപ്പുറത്തേക്കു അല്പം വളർന്നു നില്ക്കുന്നതു കൊണ്ടു് ആർക്കും തന്നെ
ഉണ്ടാക്കുന്നുമില്ല  പ്രസിഡണ്ടേ.”  റസിഡണ്ടു് അസോസിയേഷൻ
പ്രസിഡണ്ടും കൃഷി വകുപ്പു ജോയിന്റു ഡയറക്ടറായി റിട്ടയർ ചെയ്ത
സദാശിവൻ സാറതു കേട്ടു തൃപതനാകുമെന്നാണു് സൈന കരുതിയതു് .
എന്നാൽ അന്നേരം ഞെട്ടടർന്നു കരിയിലകളുടെ മുകളിൽ വീണ
ഒരു മുഴുത്ത ഞാവൽ പഴമെടുത്തു് ഷർട്ടിന്റെ അറ്റം കൊണ്ടു് പതിയെ
അതിന്റെ പുറം തുടച്ചു വായിലാക്കി ചവച്ചു കൊണ്ടു് സദാശിവൻ
 സാറു പറഞ്ഞു

“ഡോക്ടർ സൈന ഇതൊക്കെ നിയമ പ്രശ്നമാണു് .നിങ്ങളാ ചില്ല
കൾ മുറിച്ചില്ലെങ്കിൽ അയാൾ റവന്യു അധികൃതർക്കു പരാതി നല്കും
അവർ വന്നു പരിശോധിക്കുമ്പോൾ യഥാർത്ഥ സ്ഥിതി കണ്ടു് നല്കു
ന്ന റിപ്പോർട്ടു പ്രകാരം സബ്ഡിവിഷണൽ മജിസ്ട്രേട്ടു് അപ്പുറത്തെ
പുരയിടത്തിലേക്കു് ചാഞ്ഞു നില്ക്കുന്ന ശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിനു
ഉത്തരവിടുകയും നിങ്ങൾക്കതു മുറിച്ചു മാറ്റേണ്ടിയും വരും. അല്ലേ സാം
സൺ സാറേ.”
അതു കേട്ട ക്ഷണം സാംസൺ ഗൗരവം വിടാതെ അതേയതേയെന്നു
പറഞ്ഞു പിന്നെ സൈന തർക്കിച്ചില്ല . ചില്ലകൾ വെട്ടാൻ സമ്മതിച്ചു .
അപ്പോൾ സദാശിവൻ സാറു സന്തോഷത്തോടെ തലയാട്ടി സൈനയെ
നോക്കിവെളുക്കെ ചിരിച്ചു . അപ്പോൾ അയാളുടെ വായിലും പല്ലുകളിലും
ഞാവൽ പഴത്തിന്റെ വയലറ്റു നിറം പടർന്നു കാണാമായിരുന്നു .
അയാൾ ഇടവിട്ടു മരത്തിൽ നിന്നു പതിക്കുന്ന ഞാവൽപ്പഴങ്ങൾ
കുനിഞ്ഞു ശേഖരിച്ചു . സൈന പറഞ്ഞതനുസരിച്ചു് മകൻ വീടിന
കത്തു പോയി എടുത്തു കൊണ്ടു വന്നു നല്കിയ ക്യാരിബാഗിൽ 
പഴങ്ങൾ നിറച്ചു് ശരി അങ്ങനെയാകട്ടെ എന്നു് പറഞ്ഞു് സദാശി
വൻ സാറും കൂട്ടരും മടങ്ങിയപ്പോൾ  അപ്പുറത്തെ പുരയിടത്തിലേ
ക്ക് ചാഞ്ഞു നില്ക്കുന്നമരച്ചില്ലകളെ സൈന സഹതാപത്തോടെ 
നോക്കി നിന്നു .

                മനസ്സില്ലാ മനസ്സോടെ ഒടുവിൽ സൈന ഞാവൽ
 മരത്തിന്റെ അപ്പുറത്തേക്കു ചാഞ്ഞു കിടക്കുന്ന ചില്ലകൾ വെട്ടാൻ
തീരുമാനിച്ചു .ആ ,വിവരം മറ്റെല്ലാ വിവരങ്ങളും ദിവസവും അറിയി
ക്കുന്ന കൂട്ടത്തിൽ വിദേശത്തു നിന്നും ഫോൺ വിളിച്ച ഭർത്താവി
നോടു സൈന പറഞ്ഞു . കുറച്ചു ചില്ലകളല്ലേ വെട്ടുന്നതു് കാര്യമാ
ക്കേണ്ട .  അയാൾ സൈനയെ ആശ്വസിപ്പിച്ചു .

വളരെയെറെ  അന്വേഷിച്ചതിനു ശേഷമാണു് ഒരു മരം വെട്ടുകാ
രനെ സൈനക്കു കണ്ടു പിടിക്കാനായതു്  കൂലി കൂടുതലാണെങ്കിലും
പട്ടാള ഉദ്യോഗസ്ഥന്റെയും റസിഡന്റ് അസോസിയേഷന്റെയും
മനസ്സമധാനംനഷ്ടപ്പെടാതിരിക്കാൻ അയാളവശ്യപ്പെട്ട കൂലി
നല്കി ചില്ലകൾ വെട്ടാൻ സൈന തയ്യാറായി . ചില്ലകൾ വെട്ടി
കൂലിയും വാങ്ങി പോകാൻ തുടങ്ങുമ്പോൾ എന്തോ ഓർത്തിട്ടെന്ന
പോലെ മരം വെട്ടുകാരൻ പറഞ്ഞു. " ബ്രഹ്മി വളർന്നു നില്ക്കുന്നതു
 കണ്ടു . ഒരു തൈ ഞാനെടുത്തോട്ടെ".
സൈന സമ്മതിച്ചു തലയാട്ടി . അയാൾ ബ്രഹ്മി വളർന്നു നില്ക്കുന്ന
ഭാഗത്തു പോയി രണ്ടു തൈകൾ പറിച്ചെടുത്തു കൊണ്ടു വന്നു് മുറ്റത്തു
നില്ക്കായായിരുന്ന സൈനയെ കാണിച്ചു ബോദ്ധ്യപ്പെടുത്തിയതിനു
ശേഷം പണിയായുധങ്ങളുമെടുത്തു സ്ഥലം വിട്ടു . 

          പുരയിടത്തിൽ നിർലോഭം വളർന്നു നില്ക്കുന്ന ബ്രഹ്മിക്കും
കൈതോന്നിക്കും കീഴാർനെല്ലിക്കും, കൊടങ്ങലിനും , നകരയിലക്കും
മറ്റുമായി ചുറ്റുപാടുമുള്ളവർ സൈനയെ സമീപിക്കും. ആവശ്യത്തിനു
എടുത്തു കൊള്ളാൻ സൈന അവരെയെക്കെ അനുവദിക്കുകയും ചെയ്യും . 
ഔഷധ സസ്യങ്ങളുടെ മഹനീയ ശേഖരം ആ പ്രദേശത്തുള്ള നിരവധി
പേർക്ക് ഉപകാരപ്പെട്ടു .അതിൽ എടുത്തു പറയേണ്ടതു് റസിഡണ്ടു് അ
സോസിയേഷൻ എക്സിക്യൂട്ടീവു് കമ്മിറ്റിയംഗവും ഗ്രീവൻസു് സെൽ
കൺവീനറുമായ ജേക്കബ്ബ് സാംസണിന്റെ വിദേശ ജനുസ്സിൽപ്പെട്ട
വിലപിടിപ്പുള്ള പ്രാവിന്റെ അസുഖം ഭേദപ്പെട്ടതാണു് . ശക്തിക്ഷയം
ബാധിച്ചു് തൂങ്ങി നിന്ന പ്രാവിനെ വെറ്ററിനറി ഡോക്ടർമാരെ മാറിമാറി
കാണിച്ചു്  യാതൊരു ഫലവും കാണാതെ ജേക്കബ്ബു് സാംസൺ വിഷമിച്ചു . 
ഭരണങ്ങാനത്തെ കുടുംബവീട്ടിൽ നിന്നും അമ്മ ഫോൺ വിളിച്ചപ്പോൾ
മകന്റെ ശബ്ദത്തിലെ മാറ്റം ഗ്രഹിച്ചു്   അവർ ചോദിച്ചു .

 “നിനക്കെന്താ വല്ലായ്ക?”

ആദ്യം സാംസണു തന്നെ തന്റെ വല്ലായ്കയുടെ കാരണം പിടി
കിട്ടിയില്ല . പിന്നെ അയാൾ അമ്മയോടു പ്രാവിന്റെ അസുഖത്തെ
ക്കുറിച്ചു പറഞ്ഞു . കേട്ട പാടെ അമ്മയുടെ മറുപടി കൊടങ്ങൽ
അരച്ചു കൊടുക്കാനായിരുന്നു . കൊടങ്ങലിനെവിടെ  പോകണം.
അതെല്ലാം ഇപ്പോൾ കാണുമോ ? വിവരം അറിഞ്ഞു് ജേക്കബ്ബു്
സാംസണിന്റെ ഭാര്യ  ആലീസു് പറഞ്ഞു . കൊടങ്ങൽ പുരയിട
ത്തിലെക്കെ വളരുന്ന ചെടിയാണു് . വീട്ടിൽ വളർത്തിയിരുന്ന
കോഴികൾക്കു അസുഖം വരുമ്പോൾ അമ്മച്ചി കൊടങ്ങൽ അ
രച്ചു കൊടുക്കുന്നതും അതു കഴിഞ്ഞു് കോഴികൾ അസുഖം ഭേദ
മായി നടക്കുന്നതും കുട്ടിക്കാലത്തു താൻ കണ്ടിട്ടുണ്ടു്  .അതു കേ
ട്ടതും കൊടങ്ങൽ എവിടെയെങ്കിലും കിട്ടുമോ എന്നു് തിരക്കാൻ
 അയാൾ തീരുമാനിച്ചു . അയാൾ സദാശിവൻ സാറിനോടു വിവ
രം പറഞ്ഞു . സദാശിവൻ സാറാണു് കൊടങ്ങൽ സൈനയുടെ
പുരയിടത്തിൽ കാണുമെന്നു് പറഞ്ഞതു് . തീർച്ചയായും അതവി
ടെ കാണുമെന്നു് ജേക്കബ്ബു് സാംസാണു് ഉറപ്പുണ്ടു്. എന്നാൽ എ
ങ്ങിനെ ചെന്നു ചോദിക്കും . ഗ്രീവൻസു് സെൽ ചെയർമാനെന്ന
നിലയിൽ സൈനയുടെ പുരയിടത്തിലെ രണ്ടു തെങ്ങുകൾ മുൻ
കരുതലെന്ന നിലയിൽ വെട്ടി മാറ്റാനായി   രണ്ടു് അയൽ വാസി
കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ  റസിഡന്റ്സ് അസോ
സിയേഷൻ കമ്മിറ്റിക്കു താൻ ശുപാർശ സമർപ്പിക്കുകയും കമ്മി
റ്റിയുടെ നിർദ്ദേശനുസരണം പ്രസ്തുത തെങ്ങുകൾ മുൻകരുതലെ
ന്ന നിലയിൽ മുറിച്ചു മാറ്റേണ്ടതിന്റെ ആവശ്യകത സൈനയെ
പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ താൻ ശ്രമിക്കുകയും ചെയ്തതാ
ണു്. അതു മാത്രമല്ല . മുറ്റത്തും പരിസരത്തും വളർന്നു നില്ക്കു
ന്ന ചെടികൾ വെട്ടി മാറ്റി വൃത്തിയാക്കേണ്ടതിന്റെ ആവശ്യക
തയും അന്നു് താൻ സൈനയെ ബോദ്ധ്യപ്പെടുത്തുകയുണ്ടായി .
ഇനിയെങ്ങിനെ അവരെ സമീപിച്ചു് കൊടങ്ങൽ എന്ന ദിവ്യ
ഔഷധം താൻ തന്റെ വില പിടിച്ചതും അപൂർവ്വ ജനുസ്സിൽപ്പെ
ട്ടതുമായ പ്രാവിനു വേണ്ടി ആവശ്യപ്പെടും . എന്നാൽ വേണ്ടാ
യെന്നു തീരുമാനിക്കാൻ ജേക്കബ്ബ് സാംസണായില്ല . അത്യ
പൂർവ്വമായ പ്രാവിന്റെ ദീനതയോടയുള്ള കുറുകൽ വർദ്ധിച്ച
പ്പോൾഅയാൾ സൈനയുടെ വീട്ടിൽ പോയി കൊടങ്ങൽ
അന്വേഷിക്കാൻ തീരുമാനിച്ചു .

         രാവിലെ ഹോസ്പിറ്റലിൽ പോകാനുള്ള തയ്യാറെടു
പ്പുമായി സമയത്തെ തോല്പിക്കാൻ സൈന വെമ്പൽ കൊ
ള്ളുമ്പോഴാണു് ഗേറ്റു തുറക്കുന്ന ശബ്ദം കേട്ടതു് . കുട്ടികൾ
നേരത്തെ തന്നെ സ്കൂളിൽ പോയിക്കഴിഞ്ഞു . കർട്ടൺ
മാറ്റി മുൻവശത്തെ ജന്നലിലൂടെഗേറ്റിലേക്കു നോക്കി .ഗ്രീ
വൻസു് സെൽ ചെയർമാൻ ഗേറ്റു കടന്നു നടന്നു വരുന്നു .
തെങ്ങുകൾ മുറിക്കുന്നതിനുള്ള അന്ത്യശാസനവുമായിട്ടാരി
ക്കാം വരവു് .ഭാവിയിൽ ചുഴലിക്കാറ്റോ സൂപ്പർ സൈക്ക്ലോ
ണോ വീശിയടിച്ചാൽ തെങ്ങുകൾ മറിഞ്ഞു് അയൽ വീടു
കളുടെമുകളിലേക്കു പതിക്കാതിരിക്കാനുള്ള മുൻ കരുതലെ
ന്ന നിലയിൽ തെങ്ങുകൾ വെട്ടി മാറ്റണമെന്ന നിലപാടാ
ണു് ഈ മനുഷ്യൻ അന്നു സ്വീകരിച്ചതെന്നു് ഓർത്തപ്പോൾ
സൈനക്കു പുച്ഛം തോന്നിപ്പോയി . പെട്ടെന്നു തന്നെ ആ
ചിന്തയെ സൈന തിരുത്തി .അതവരുടെഅഭിപ്രായം അ
ത്രതന്നെ. സൈന കതകു തുറന്നു സിറ്റൗട്ടിലെ പടിയിൽ
നിന്നു് ഗേറ്റിൽ നിന്നും വീടിനു മുമ്പിൽ വരെ വളഞ്ഞു നിവ
ർന്നു കിടക്കുന്ന സിമന്റു നടപ്പാതയിലൂടെ നടന്നു വരുന്ന
ജേക്കബ്ബ്സാംസണെ നോക്കി തൊഴുതു. വന്ന പാടെ അ
യാൾ പറഞ്ഞു

“ഇവിടെ കൊടങ്ങൽ ഉണ്ടോ ?”

അതു കേട്ടതും സൈനയ്ക്കാശ്വാസമായി . സൈന ചോ
ദിച്ചു

“അവിടെ കോഴിയെ വളർത്തുന്നോ?”

 “ഇല്ല ! എന്റെ പ്രാവിനു അസുഖം പിടിപെട്ടു . ഭരണങ്ങാ
നത്തു നിന്നും അമ്മച്ചി വിളിച്ചപ്പോൾ വിവരമറിഞ്ഞു പറ
ഞ്ഞു  കൊടങ്ങൽ അരച്ചു കൊടുത്താൽ പ്രാവിനു അസുഖം
മാറുമെന്നു് . തിരക്കിയപ്പോൾ അതിവിടെ കിട്ടുമെന്നു് അറി
യാൻ കഴിഞ്ഞു . വളരെ അപൂർവ്വ ജനുസ്സിൽപ്പെട്ട വിലപി
ടിച്ച പ്രാവാണു് . ആലിസു അൽഫോൻസമ്മാക്കു നേർച്ച
നേർന്നിരിക്കയാണു് , പ്രാവിന്റെ അസുഖം ഭേദമാകാൻ “.

അത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു് ജേക്കബ്ബ്സാംസൺ
 സൈനയെ വിനയാന്വിതനായി നോക്കി . അപ്പോളയാൾ
ഗ്രീവൻസു് സെല്ലിന്റെ ചെയർമാനല്ലായിരുന്നു . വളർത്തു
പ്രാവിന്റെഅസുഖത്തിനു മരുന്നു തേടിയെത്തിയ ഒരു സാ
ദാ പ്രാവു വളർത്തൽകാരൻ .

      സൈന അയാളോടു കയറിയിരിക്കാൻ നിർദ്ദേശിച്ചിട്ട്
വീടിന്റെ വടക്കേ ഭാഗത്തേക്കു പോയി . കുറച്ചു കഴിഞ്ഞു്
വൃത്താകൃതിയിൽ ഇലകളുള്ള കൊച്ചു ചെടികളുടെ ഒരു
കെട്ടു് കൈകൾക്കുള്ളിലൊതുക്കി സൈന അയാളുടെ
മുന്നിലെത്തി .

    കുറച്ചു ദിവസത്തിനു ശേഷം മക്കൾ പറഞ്ഞു് സൈന
അറിഞ്ഞു .ജേക്കബ്ബ് സാംസണിന്റെ വില പിടിച്ച പ്രാവി
ന്റെ അസുഖം ഭേദമായിയെന്നു് . ആ ജേക്കബ്ബു് സാസം
സാനാണു് ചെടികൾ വളർന്നു നില്ക്കുന്നതിനാൽ കൊതു
കു പെരുകുന്നുവെന്ന പരാതിയുമായി സൈനയുടെ മുന്നി
ലെത്തിയതു് .

“ഇവിടത്തെ ചെടികൾക്കിടയിൽ ഇഷ്ടം പോലെ കൊ
തുകകൾ വളരുന്നു . അവ റസിഡന്റ് അസോസിയേഷ
ന്റെ പരിധിയിൽ പെട്ട വീടുകളിലെ താമസക്കാരെ യ
ഥേഷ്ടം കടിക്കുന്നു “.

      പറമ്പിൽ  ചെടികൾ കൂട്ടമായി വളർന്നു നില്ക്കുന്ന
 ഭാഗത്തേക്കു വിരൽച്ചൂണ്ടി ജേക്കബ്ബു് സാസൺ സൈ
സയോടു പറഞ്ഞു റസിഡന്റ്സ് അസോസിയേഷൻ പ്ര
സിഡണ്ടും , സെക്രട്ടറിയും കൂടെ ഉണ്ടെങ്കിലും ഡിവൈഎ
സ്പി എന്ന നിലയിൽ ഗ്രീവൻസ് കമ്മിറ്റി കൺവീനർ കൂടി
യായ ജേക്കബ്ബ് സാസംസാണനാണു ഇത്തരം കാര്യങ്ങൾ
 ആധികാരികമായി ബന്ധപ്പെട്ടവരോടു് അവതരിപ്പിക്കുന്നതു്.

“ഇവിടെ ഇഷ്ടം പോലെ വളർന്നു നില്ക്കുന്ന ചെടികളിൽ
രാവിലെ മുതൽ സായാഹ്നം വരെ കൊതുകുകൾ പതിയിരി
ക്കുകയും സന്ധ്യ മയങ്ങിയാൽ അവയെല്ലാം കൂട്ടത്തോടെ
പറന്നു് റസിഡൻസു് അസോസിയേഷന്റെ പരിധിയിൽ പെ
ട്ട  വീടുകളിൽ കടന്നു ചെന്നു് യാതൊരു കനിവുമില്ലാതെ താമ
സക്കാരുടെ രക്തം കുടിക്കുന്നു . അങ്ങനെ ഡെംഗു ഫീവറട
ക്കമുള്ള രോഗങ്ങൾ വരാനുള്ള എല്ലാ സാദ്ധ്യതയും നിലനി
ല്ക്കുന്നു ഞങ്ങളിതു ചർച്ച ചെയ്തു തീരുമാനമെടുത്തു . ഒന്നു
 രണ്ടു ദിവസത്തിനുള്ളിൽ ഈ ചെടികൾ വെട്ടി മാറ്റണം .
അസോസിയേഷന്റെ പരിധിയിലുള്ള വീടുകളിൽ കൊതുകു
ശല്യം അത്രക്കു രൂക്ഷമാണു് . ഇതൊന്നും തന്നെ ഒരു ഹോ
മിയോ ഡോക്ടറോടു പറഞ്ഞു ബോദ്ധ്യപ്പെടുത്തേണ്ടതല്ല.”
ജേക്കബ്ബു് സാംസാൺ ഇത്രയും പറഞ്ഞു തീർത്തതും . സദാ
ശിവൻ സാർ അതിനെ പിന്തുണച്ചു തലയാട്ടി . അവരുടെ
ആ നിർദ്ദയ തീരുമാനത്തെ ചെറുക്കാൻ തീരുമാനിച്ചു കൊ
ണ്ടു് സൈന പറഞ്ഞു .

“ഇവിടെ നില്ക്കുന്ന ചെടികളെല്ലാം തന്നെ ഒരു തരത്തി
ലല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രയോജനപ്പെടുന്നതാണു്.
അതു പാടെ വെട്ടി മാറ്റാൻ നിർദ്ദേശിക്കുന്നതു് ഒട്ടും തന്നെ
സാമാന്യ ബുദ്ധിക്കു ഉൾക്കൊള്ളാനാകാത്തതുമാണു് . ഈ
പ്രദേശത്തെ രണ്ടായി പകുത്തു ഒഴുകുന്ന കനാലിലേക്കു്
ചപ്പു ചവറുകൾ റസിഡന്റ്സ് അസോസിയേഷൻ അംഗ
ങ്ങളായ ഓരോ വീട്ടുകാരും വലിച്ചെറിയാതിരുന്നാൽ കൊ
തുകു ശല്യം എത്രയോ നിയന്ത്രിക്കാം . അതു പോലെ ഞ
ങ്ങളുടെ കിഴക്കേ അതിരിനപ്പുറമുള്ള വിശാലമായ പറമ്പി
ലേയ്ക്കല്ലേ ഇവിടെയുള്ളവർ പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി
ചവറുകൾ നിക്ഷേപിക്കുന്നതു് . പാഴ്ച്ചെടികളല്ലേ അവിടെ
 കാടു പോലെ വളർന്നു നില്ക്കുന്നതു് . അവിടെയാണു് യ
ഥാർത്ഥ കൊതുക വളർത്തൽ കേന്ദ്രം”.

സൈനയുടെ ദൃഢതയാർന്ന മറുപടി അസോസിയേഷൻ
ഭാരവാഹികളെ നിശബ്ദരാക്കി. ആ സമയത്താണു് ഗേറ്റു
 കടന്നു് ആനിയാന്റി കൂനിക്കൂനി അവിടെ വന്നതു് . പ്രായാ
ധിക്യം നിമിത്തം ആനിയാന്റി പതുക്കെ പതുക്കെ ചുവടു
കൾ വെച്ചാണു് നടന്നെത്തുന്നതു് .ആനിയാന്റിയുടെ വര
വിന്റെ ഉദ്ദേശമറിയാൻ സദാശിവൻ നായരും ജേക്കബ്ബു്
സാംസണും ആകാംക്ഷയോടെ അവരെ നോക്കി . ആ
നിയാന്റി അവരെയെല്ലാം നോക്കി പുഞ്ചിരിച്ചു കൊണ്ടു്
സൈനയോടു പറഞ്ഞു

“മോളേ കുറച്ചു പുളിഞ്ചിക്ക തരാമോ ?”

അതു പറഞ്ഞു് അവർ റസിഡന്റ്സ് അസോസിയേഷൻ
ഭാരവാഹികളെ നോക്കി പറഞ്ഞു

“പ്രഷറിനും ഷുഗറിനും നല്ല മരുന്നാ’.

ഇതിനിടയിൽ സൈന  പുളിഞ്ചിക്കാ മരത്തിനടുത്തെത്തി.
ഇളം പച്ചനിറത്തിൽ നീണ്ടു വശങ്ങൾ വീർത്ത പുളിഞ്ചിക്കാ,
മരത്തിന്റെ തായ്ത്തടിയിൽ പറ്റമായി പിടിച്ചു കിടക്കുന്നു .
ആവശ്യത്തിനു പുളിഞ്ചിക്കാ പറിച്ചു് ആ മരത്തണലിന്റെ
തണുപ്പാസ്വദിച്ചു സൈന അല്പനേരം നിന്നു . സദാശിവൻ
നായരും ജേക്കബ്ബു് സാംസണും അവിടേക്കു വന്നു ജേക്ക
ബ്ബു് സാംസാൺ പോലീസുദ്യോഗസ്ഥന്റെ ഗൗരവത്തിൽ
പറഞ്ഞു

“ഡോക്ടർ സൈന , നിങ്ങളുടെ കാമ്പൗണ്ടിനുള്ളിൽ വ
ളർന്നു നില്ക്കുന്ന ചെടികൾ  കൊതുകുകളുടെ പാർപ്പിട
സമുച്ചയങ്ങളാണു്. കൊതുകുശല്യം നമ്മുടെ ഏരിയായ
യിൽ രൂക്ഷമായിരിക്കുന്നു .സന്ധ്യയായാൽ കൊതുകുകൾ
 സംഘഗാനം പാടി ഫ്ലാറ്റുകളിലേക്കും , വില്ലകളിലേക്കും
ഇരമ്പികയറി ആളുകളുടെ രക്തം യഥേഷ്ടം കുടിക്കുന്നു.
ഒപ്പം മാരകമായ പകർച്ചവ്യാധികൾ പരത്തുകയും ചെ
യ്യുന്നു . ഇവിടെ നിന്നുമാണു് കൊതുകുകൾ കൂട്ടമായി എ
ത്തുന്നതു്. അതു കൊണ്ടു് നിങ്ങൾ ഈ ചെടികളൊക്കെ
വെട്ടി മാറ്റി പരിസര ശുചിത്വം പാലിക്കണം. അതു പോ
ലെ തന്നെ കാറ്റടിച്ചു കടപുഴകിയോ , ഒടിഞ്ഞോ ഇവിടെ
യുള്ള മരങ്ങൾ വീഴുന്നതു് ചുറ്റുമുള്ള വീടുകളുടെ പുറത്തേ
യ്ക്കായിരിക്കും . അവയെല്ലാം തന്നെ വെട്ടി മാറ്റേണ്ട
താണു്. “

ജേക്കബ്ബു് സാംസാൺ ഇത്രയും പറഞ്ഞു തീർത്തതും
സദാശിവൻനായർ പ്രസിഡണ്ടിന്റെ ആധിപത്യത്തോ
ടെ പറഞ്ഞു

“ഡോക്ടറെ , നാട്ടിമ്പുറത്തും , കാട്ടിലും മരങ്ങളും ,ചെ
ടികളും വളരട്ടെ നഗരത്തിലവയൊന്നും പ്രസക്തമല്ല .
ഒരാഴ്ചയാണു് ഇവയെല്ലാം വെട്ടിമാറ്റാൻ അനുവദിച്ചി
രിക്കുന്ന സമയം “.

സൈന യാതൊന്നും മിണ്ടാതെ ശേഖരിച്ച പുളിഞ്ചിക്ക
യുമായി ശില പോലെ നിന്നു . ഒരാഴ്ച കഴിഞ്ഞു വരാ
മെന്നു് പറഞ്ഞു് സദാശിവൻനായരും , ജേക്കബ്ബു് സാം
സാണും കൂട്ടരും മടങ്ങിപ്പോയപ്പോൾ സൈന അവരെ
അനുഗമിച്ചു ആനിയാന്റിയുടെ അരികിലെത്തി അവരുടെ
കൈവശമുണ്ടായിരുന്ന ബാഗിലേക്കു് പുളിഞ്ചിക്കാ നി
ക്ഷേപിച്ചു . ആനിയാന്റി സൈനയോടു നന്ദി പറഞ്ഞു്
പ്രഷറും ഷുഗറും കുറയുമെന്ന സന്തോഷത്തോടെ തിരി
കെ പോയി .
  
ചെടികളും , മരങ്ങളും വെട്ടണമെന്ന അന്ത്യശാസനത്തി
ന്റെ പരിധി അവസാനിക്കുന്നതിനു് രണ്ടു ദിവസം മുമ്പു്
റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ഡോക്ടർ
 സൈനയെ തേടിയെത്തി . ഒരു മൂർഖൻ പാമ്പിന്റെ രംഗ
പ്രവേശനമാണു് അതിനു ഹേതുവായതു് .


   രാത്രി ഏകദേശം എട്ടുമണിയായി കാണും . ഡോക്ടർ
 സൈന വാക്സിൻ ഫ്രീയെന്ന ഹോമിയോപ്പതി ഗ്രന്ഥം വാ
യിച്ചു കൊണ്ടിരിക്കുകയായിരുന്നു. വീടിനു പുറകു വശത്തു
 കെട്ടിയിട്ടിരിക്കുന്ന  പട്ടികൾ രണ്ടെണ്ണത്തിന്റെയും കുര
അസാധാരമാം വിധം ഉയർന്നപ്പോൾ ഡോക്ടർ സൈന
വയന നിറുത്തി ശ്രദ്ധിച്ചു . വല്ല പഴവുണ്ണിയെയോ , പെരു
ച്ചാഴിയേയോ കണ്ടു കുരയ്ക്കുന്ന തായിരിക്കാം എന്നാണു
സൈന ആദ്യം കരുതിയതു് .  എന്നാൽ നായ്ക്കളുടെ കുര
ഉച്ചൈസ്തരം വർദ്ധിച്ചപ്പോൾ എന്തോ പന്തികേടുണ്ടെന്നു
സൈന തീരുമാനിച്ചു . വായന നിറുത്തി ഡൈനിംഗ് ഹാളി
ലെത്തി ഫ്രഞ്ചു വിൻഡോയുടെ കർട്ടൺ മാറ്റി പുറത്തേക്കു
നോക്കി . തുടലു പൊട്ടിക്കാനുള്ള ആവേശത്തോടെ പട്ടികൾ
നിറുത്താതെ ഉച്ചത്തിൽ ചാടിത്തുള്ളി  കുരയ്ക്കുന്നു .പട്ടിക
ളെ കെട്ടിയിരിക്കുന്ന തിണ്ണക്കു സമീപത്തായി മുറ്റത്തു് പത്തി
വിടർത്തി തല ചെരിച്ചു പിടിച്ചു് പട്ടികളെ തന്നെ നോക്കുന്നു
ഒരു മൂർഖൻ പാമ്പു് . ശബ്ദംകേട്ടു് മുകൾ നിലയിൽ പഠിച്ചു
കൊണ്ടിരിക്കുകയായിരുന്ന കുട്ടികൾ ഇതിനകം തന്നെ താഴെ
എത്തി . വർക്ക് ഏരിയായിലെ കതകു തുറന്നു് പുറത്തേയ്ക്കി
റങ്ങാൻ വെമ്പൽ കാട്ടിയ ഇളയ മകനെ സൈന ശാസിച്ചു് 
ആ,  ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ചു് ഡൈനിങ്ങ് ഹാളിലെ
ജന്നലിലൂടെ പുറത്തേക്കു നോക്കി പാമ്പിനെ നിരീക്ഷിക്കാൻ
ഏർപ്പാടാക്കി .മൂത്തമകൻ അറിയപ്പെടുന്ന പാമ്പു പിടിത്ത
ക്കാരനെ ഫോണിൽ വിളിച്ചു . പത്തു മിനിട്ടിനകം എത്താ
മെന്നും അതു വരെ പാമ്പിന്റെ ചലനങ്ങൾ ശ്രദ്ധിക്കണമെ
ന്നും അയാൾ പറഞ്ഞ വിവരം മൂത്തമകൻ സൈനയെ
അറിയിച്ചു . പട്ടികളുടെ ഉഗ്രാവസ്ഥയും ഉച്ചത്തിലെ കുരയു
മാകാംപത്തി താഴ്ത്തി പാമ്പ് ഇഴഞ്ഞു് രംഭയിലച്ചെടിക്കൂ
ട്ടത്തിലേക്കു ചെന്നു . പെട്ടെന്നു് തന്നെ അവിടെ നിന്നും
പിൻവാങ്ങി . സൈന മക്കളോടു പറഞ്ഞു

“രംഭയിലച്ചെടികളെ പാമ്പിനിഷ്ടമല്ല ‘.

  പാമ്പു് അവിടെ നിന്നുമിഴഞ്ഞു് വീടിന്റെ പടിഞ്ഞാറു ഭാഗ
ത്തേക്കു പോയി .മുൻവശത്തു് ഗേറ്റിനോടു ചേർന്നുള്ള മതി
ലിനോടു ചേർന്നു് നീണ്ടു കിടപ്പായി .മാസ്റ്റർ ബഡ് റൂമിന്റെ
ജന്നലിലൂടെ സൈന പാമ്പിനെ നോക്കി നിന്നു. ഗേറ്റിനു
 വെളിയിൽ നല്ല ആൾക്കൂട്ടമുണ്ടു് . പെട്ടെന്നു് ആൾക്കൂട്ടം
ഗേറ്റിന്റെ കൊളുത്തു മാറ്റി കറുത്തു നീണ്ടു മെലിഞ്ഞആരോ
ഗദൃഢഗാത്രനായ ഒരു ചെറുപ്പക്കാരനു ഭവ്യതയോടെ അ
വിടെ കൂടി നിന്നവർ വഴി മാറി കൊടുത്തു . സിറ്റൗട്ടിൽ
നില്ക്കയായിരുന്ന സൈനയുടെ മക്കൾ പാമ്പു പിടിത്ത
ക്കാരനായ ആ ചെറുപ്പക്കാരനു പാമ്പു കിടക്കുന്ന സ്ഥലം
കൈവിരലു ചൂണ്ടി കാണിച്ചുകൊടുത്തു. ഞെടിയിടയിൽ പാ
മ്പിന്റെയടുത്തെത്തിയ ആ ചെറുപ്പക്കാരൻ പാമ്പിനെ
 വാലിൽ പിടിച്ചുയർത്തി ആകാശത്തേക്കുയർത്തിപ്പിടിച്ച
മുളങ്കമ്പു പോലെ പാമ്പു് അയാളുടെ കൈയ്യിൽ എഴുന്നു
നിന്നു . അയാൾപാമ്പിനെ പോർച്ചിൽ കാറിനു മുമ്പിലായി
ചുരുട്ടിയിരുത്തി . അനുസരണയോടെ പാമ്പു് വാലും ഉടലും
ചുരുട്ടി പത്തി വിടർത്തി ചുറ്റും നോക്കുന്നതു് അല്പം ഭീതി
യോടെയാണെങ്കിലും സൈന ആസ്വദിച്ചു നോക്കി .
പെട്ടെന്നു തന്നെ സൈന തന്നെ മഥിക്കുന്ന പ്രശ്നത്തി
ന്റെ ഗൗരവം ഈ പാമ്പിന്റെ വരവോടെ മൂർച്ഛിക്കുമെ
ന്നോർത്തു് വിഷമിക്കയും ചെയ്തു . സൈന പാമ്പു പി
ടിത്തക്കാരനോടു ചോദിച്ചു

“ഈ പാമ്പു് ഇവിടെയുള്ളതാണോ?”

“ഏയ് അല്ല ഇതിനെ കഴിഞ്ഞ ആഴ്ച ഈ കനാലിനു
 മറുകരയിലുളള വീട്ടുകാർ അവരുടെ അടുക്കള ഭാഗത്തെ
മുറ്റത്തു കണ്ടതാണു് .എന്നാൽ പിന്നെ ഉടൻ അപ്രത്യ
ക്ഷമായി . വിളിച്ചയുടൻ ഞാനത്തിയെങ്കിലും അതിനാ
ലെനിക്കു പിടിക്കാനായില്ല . കനാൽ കടന്നു വന്നതാണിതു്
ഇവിടെയുള്ളതല്ല . കണ്ടില്ലേ ദേഹത്തെ ചെളി “.

“ഉറപ്പണോ അതു്!” .

ജേക്കബ്ബു് സാംസണാണു ആ ചോദ്യമുയർത്തിയതു് .
പാമ്പു പിടിത്തക്കാരൻ പറഞ്ഞു .

“എന്താ സംശയം പാമ്പിന്റെ ദേഹം മുഴുവൻ ചെളിയാണു്.
 മാത്രമല്ല വയറു വീർത്തിരിക്കുന്നതു കണ്ടോ . മുട്ടയിടാനാ
ണു് കയറി വന്നിരിക്കുന്നതു് .ഇവിടെ വസിക്കുന്ന പാമ്പാ
ണെങ്കിൽ മുട്ടയിടാൻ ഇത്രയും പൊല്ലപ്പൊന്നുമുണ്ടാക്കില്ല “.

അതു കേട്ടു് സൈനക്കു് ആശ്വസമായി . പാമ്പു പിടുത്തക്കാ
രനായചെറുപ്പക്കാരൻ തന്റെ കൈയ്യിലുള്ള ചാക്കിലേക്കു്
പാമ്പിനെ കയറ്റി സൈന പരകിതോഷികമായി നീട്ടിയ
തുക സ്നേഹപൂർവ്വം നിരസിച്ചു് മടങ്ങിപോയി . കൂടെ
അവിടെ കൂടി നിന്നവരും.  പിറ്റേന്നു രാവിലെ റസിഡ
ന്റ്സ് അസോസിയേഷൻ പ്രസിഡണ്ടു് സദാശിവൻ
നായർ വളരെ ക്ഷുഭിതനായി ടെലഫോണിലൂടെ സൈ
നയോടു പറഞ്ഞു .

 “നിങ്ങളും, നിങ്ങളുടെ പറമ്പിലെ മരങ്ങളും ചെടികളും
 വിഷപാമ്പുകളും ഇവിടെയെല്ലാവരെയും വല്ലാതെ
പേടിപ്പിക്കുന്നു “.

രാത്രി ഭർത്താവു വിളിച്ചപ്പോൾ സൈന വിവരം പറഞ്ഞു .
 ദീർഘ നേരത്തെ ചർച്ചകൾക്കു ശേക്ഷം അവരിരുവരും
വീടും പറമ്പും വില്ക്കാമെന്ന തീരുമാനത്തിലെത്തി .
വളരെ പെട്ടെന്നു തന്നെ വില്പനക്കുള്ള ഏർപ്പാടുകൾ
സൈന ചെയ്തു തീർത്തു .

 “അമ്മേ നമ്മളെവിടെ താമസിക്കും അപ്പോൾ “?

വിവരമറിഞ്ഞു് കുട്ടികൾ രണ്ടു പേരും ഒരേ സ്വരത്തിൽ
 ചോദിച്ചു. സൈന കുട്ടികൾക്ക് കാര്യങ്ങൾ വിശദീകരിച്ചു
കൊടുത്തു.

“നമ്മൾ ഈ പുരയിടം ഒരു പ്രമുഖ ബിൽഡേഴ്സിനു വി
ല്ക്കുന്നു. പണവും അവർ പണിതു തീർത്ത നഗരത്തിൽ
 തന്നെയുള്ള ഫ്ലാറ്റിലെ ഒരു അപ്പാർട്ടുമെന്റും പകരമായി
നമുക്കു ലഭിക്കും ആ പണം ഉപയോഗിച്ചു് അച്ഛൻ വന്നിട്ടു്
 നാട്ടുമ്പുറത്തു് മരങ്ങളുടെയും ചെടികളുടെയും ഇടയിൽ
ഇതു പോലൊരു വീടു് നമ്മൾ പണിയും . നാളെ നമ്മൾ
ഇവിടന്നു മാറും. പിന്നെ ഇവിടം ഒരു മരുഭൂമിയാക്കപ്പെടും .
 അതിനു ശേഷം കൂറ്റൻ ഫ്ലാറ്റ് ഇവിടെഉയരും “.

“അമ്മേ ഈ മരങ്ങളും ചെടികളും എല്ലാം അവർ വെട്ടി
 മാറ്റും “. മൂത്തമകൻ ചോദിച്ചു

"അതെ"!

“മരങ്ങളിൽ കൂടു കെട്ടിയ മാടത്തകളും , ചിത്തിരയും ഓല
വാലനും അമ്മേ എവിടെ പോകും “. ഇളയവന്റെ  ആശങ്ക

സൈന അതിനുത്തരം പറഞ്ഞില്ല . അവർ മുഖം പൊത്തി
കരഞ്ഞു തുടങ്ങി .


·        ഒക്ടോബർ ലക്കം തരംഗിണി ഓൺലൈൻ മാസികയിൽ
പ്രസിദ്ധീകരിച്ചതു്


















5 comments:

  1. അതിമനോഹരമായ ഒരു കഥ. മനുഷ്യത്വമുള്ള ഒരു കഥ

    ReplyDelete
  2. അപ്പോളയാൾ
    ഗ്രീവൻസു് സെല്ലിന്റെ ചെയർമാനല്ലായിരുന്നു . വളർത്തു
    പ്രാവിന്റെഅസുഖത്തിനു മരുന്നു തേടിയെത്തിയ ഒരു സാ
    ദാ പ്രാവു വളർത്തൽകാരൻ .

    വളരെയേറെ ഇഷ്ടപ്പെട്ടു.

    ReplyDelete
  3. ഇഷ്ടത്തിനും, പ്രോത്സാഹനത്തിനും പ്രിയ റാംജി നന്ദി .

    ReplyDelete

എന്റെ തലമണ്ടയിൽ അമ്മ മായ്ച്ചു കളഞ്ഞ വേണ്ടാത്ത എഴുത്ത്

ഒരു മദ്ധ്യ വേനലവധിക്കാലം .ജ്യേഷ്ഠന്റെ സ്കൂളും എന്റെ നേഴ്സറിയും അടച്ചു. അവധിക്കാലം ഞങ്ങളി രുവരും തിമിർത്താഘോഷിക്കുയാണു്. പ്രാതൽ കഴി ഞ്ഞ...